ഇറാൻ-ഇസ്രായേൽ യുദ്ധഭീതി: ദുബൈ സർവീസുകൾ റദ്ദാക്കി ആഗോള വിമാനക്കമ്പനികൾ; പ്രവാസികൾ വലയും

ദുബൈ: പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കനത്ത രീതിയിൽ തുടരുന്ന പശ്ചാത്തലത്തിൽ ദുബൈ ഉൾപ്പെടെയുള്ള പ്രമുഖ ഗൾഫ് നഗരങ്ങളിലേക്കുള്ള സർവീസുകൾ അന്താരാഷ്ട്ര വിമാനക്കമ്പനികൾ കൂട്ടത്തോടെ നിർത്തിവെക്കുന്നു. മേഖലയിലെ വ്യോമപാതകളിൽ നിലനിൽക്കുന്ന കനത്ത സുരക്ഷാ ഭീഷണിയും സൈനിക നീക്കങ്ങളും കണക്കിലെടുത്താണ് വിവിധ ആഗോള എയർലൈനുകൾ തങ്ങളുടെ സർവീസുകൾ റദ്ദാക്കാനോ വെട്ടിച്ചുരുക്കാനോ നിർബന്ധിതരായിരിക്കുന്നത്. ദുബൈക്ക് പുറമെ അബുദാബി, ദോഹ, റിയാദ് തുടങ്ങിയ പ്രമുഖ പശ്ചിമേഷ്യൻ വ്യോമയാന ഹബ്ബുകളെയും ഈ പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് എയർവേസ്, ലുഫ്താൻസ ഗ്രൂപ്പ്, എയർ ഫ്രാൻസ്, കെ.എൽ.എം, കാഥേ പസഫിക്, എയർ കാനഡ തുടങ്ങിയ ലോകത്തെ മുൻനിര വിമാനക്കമ്പനികളെല്ലാം തങ്ങളുടെ ദുബൈ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച കാലാവധി നീട്ടിയിട്ടുണ്ട്. ബ്രിട്ടീഷ് എയർവേസ് വരും മാസങ്ങളിലേക്ക് ദുബൈ സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ചപ്പോൾ, ലുഫ്താൻസ ഗ്രൂപ്പ് സെപ്റ്റംബർ വരെയും, എയർ ഫ്രാൻസ് ജൂൺ പകുതി വരെയും ദുബായിലേക്കുള്ള ഫ്ലൈറ്റുകൾ റദ്ദാക്കിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇറാൻ, ഇറാഖ് വ്യോമപാതകൾ ഒഴിവാക്കിക്കൊണ്ട് പാകിസ്ഥാൻ വഴിയും മറ്റും വിമാനങ്ങൾ സർവീസ് നടത്തുന്നത് യാത്രാസമയവും വലിയ രീതിയിൽ ഇന്ധനച്ചെലവും വർദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്.

മേഖലയിൽ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണങ്ങളെ തുടർന്ന് ഇറാാനിലെ പ്രമുഖ വിമാനത്താവളങ്ങളും പലപ്പോഴായി സർവീസുകൾ നിർത്തിവെക്കേണ്ട സാഹചര്യത്തിലാണ്. മിഡിൽ ഈസ്റ്റിൽ വ്യോമപാതകൾ അടയുകയും അന്താരാഷ്ട്ര സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കപ്പെടുകയും ചെയ്തതോടെ ആയിരക്കണക്കിന് പ്രവാസി യാത്രക്കാരാണ് നിലവിൽ പ്രതിസന്ധിയിലായിരിക്കുന്നത്. കൊവിഡിന് ശേഷം വ്യോമയാന മേഖല നേരിടുന്ന ഏറ്റവും കനത്ത പ്രതിസന്ധികളിലൊന്നാണിത്. മേഖലയിൽ പൂർണ്ണമായ സുരക്ഷിതത്വം ഉറപ്പാകുന്നത് വരെ നിയന്ത്രണങ്ങൾ തുടരുമെന്നാണ് വിമാനക്കമ്പനികൾ നൽകുന്ന സൂചന.

 

 

Related Articles

- Advertisement -spot_img

Latest Articles