മധ്യപ്രദേശിൽ കോൺഗ്രസിന് വൻ തിരിച്ചടി; രാജ്യസഭാ സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക തള്ളി

ഭോപ്പാൽ: മധ്യപ്രദേശിൽ നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് കനത്ത പ്രഹരമേൽപിച്ചുകൊണ്ട് പാർട്ടി സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക റിട്ടേണിങ് ഓഫീസർ തള്ളി. നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ തനിക്കെതിരെയുള്ള കേസ് വിവരങ്ങൾ മറച്ചുവെച്ചുവെന്ന ബി.ജെ.പിയുടെ പരാതിയിലാണ് നാടകീയമായ ഈ നടപടി. ബി.ജെ.പിയുടെ മൂന്നാം സ്ഥാനാർത്ഥിയായ മഹേഷ് കേവറ്റും അദ്ദേഹത്തിന്റെ അഭിഭാഷകനും നൽകിയ ആക്ഷേപം പരിശോധിച്ച ശേഷമാണ് അധികൃതർ പത്രിക നിരസിച്ചത്.

തെലങ്കാനയിലെ ഹൈദരാബാദ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ നിലവിലുള്ള ഒരു കേസിന്റെ വിവരങ്ങൾ മീനാക്ഷി നടരാജൻ ബോധപൂർവ്വം സത്യവാങ്മൂലത്തിൽ നിന്ന് ഒഴിവാക്കിയെന്നാണ് ബി.ജെ.പിയുടെ ആരോപണം. 2025 ആഗസ്റ്റിൽ ഒരു വനിത നൽകിയ പരാതിയിൽ മീനാക്ഷി നടരാജൻ നാലാം പ്രതിയാണെന്നും, സുപ്രീം കോടതി മാർഗ്ഗനിർദ്ദേശപ്രകാരം ഇത് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തേണ്ടതായിരുന്നു എന്നും ബി.ജെ.പി ചൂണ്ടിക്കാട്ടി. എന്നാൽ, മീനാക്ഷി നടരാജനെതിരെ യാതൊരുവിധ എഫ്.ഐ.ആറോ ക്രിമിനൽ കേസോ നിലവിലില്ലെന്നും, പത്ത് കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലഭിച്ച വെറുമൊരു കോടതി നോട്ടീസ് മാത്രമാണിതെന്നുമാണ് കോൺഗ്രസിന്റെ വാദം. നിയമപ്രകാരം ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത കേസുകൾ മാത്രം വെളിപ്പെടുത്തിയാൽ മതിയെന്നിരിക്കെ പത്രിക തള്ളിയത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

പത്രിക തള്ളിയ നടപടിക്കെതിരെ കോൺഗ്രസ് ദേശീയ നേതൃത്വം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനും സീറ്റ് തട്ടിയെടുക്കാനുമുള്ള ബി.ജെ.പിയുടെ ഗൂഢശ്രമമാണിതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു. മുതിർന്ന നേതാക്കളായ ജയറാം രമേശ്, വിവേക് തൻഖ എന്നിവരടങ്ങുന്ന കോൺഗ്രസ് പ്രതിനിധി സംഘം ന്യൂഡൽഹിയിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുകയും തുടർനടപടികൾ ആവശ്യപ്പെട്ട് നിവേദനം നൽകുകയും ചെയ്തു. വിഷയം രാഷ്ട്രീയമായും നിയമപരമായും ശക്തമായി നേരിടുമെന്ന് പാർട്ടി വ്യക്തമാക്കി.

സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് നടക്കുന്ന പോരാട്ടത്തിൽ ഈ തീരുമാനം വലിയ രാഷ്ട്രീയ അട്ടിമറികൾക്കാണ് വഴിതുറന്നിരിക്കുന്നത്. നിയമസഭയിൽ 164 എം.എൽ.എമാരുള്ള ബി.ജെ.പിക്ക് രണ്ട് സീറ്റുകൾ സുഗമമായി ജയിക്കാമെന്നിരിക്കെ, മൂന്നാമതൊരു സീറ്റിലേക്ക് കൂടി മഹേഷ് കേവറ്റിനെ ഇറക്കി ബി.ജെ.പി മത്സരം കടുപ്പിച്ചിരുന്നു. ഫലപ്രദമായി 61 എം.എൽ.എമാരുടെ പിന്തുണയുള്ള കോൺഗ്രസിന് ഒരു സീറ്റ് ഉറപ്പായിരുന്നു. ബി.ജെ.പിയുടെ ഭാഗത്ത് നിന്നുള്ള കുതിരക്കച്ചവടം ഭയന്ന് തങ്ങളുടെ എം.എൽ.എമാരെ കോൺഗ്രസ് ഭരണത്തിലുള്ള കർണാടകത്തിലേക്ക് മാറ്റാൻ പ്രത്യേക വിമാനം വരെ പ്രതിപക്ഷം ഏർപ്പാടാക്കിയിരുന്നു. എന്നാൽ മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതോടെ മധ്യപ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് ചിത്രം ബി.ജെ.പിക്ക് പൂർണ്ണമായും അനുകൂലമായി മാറിയിരിക്കുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles