റിയാദ്: സി.ബി.എസ്.ഇ, കേരള ബോർഡ് പത്താം ക്ലാസ്, പ്ലസ് ടു പൊതുപരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്കായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ റിയാദ് റീജിയൻ സംഘടിപ്പിക്കുന്ന ‘എഡ്ഗ്ലോ 2026’ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് വിതരണം നാളെ (വെള്ളിയാഴ്ച) നടക്കും. ബത്ഹയിലെ ഡി-പാലസ് ഓഡിറ്റോറിയത്തിൽ വൈകുന്നേരം ഏഴ് മണിക്കാണ് പുരസ്കാര സമർപ്പണ ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ഈ വർഷത്തെ ചടങ്ങ് സംഘടിപ്പിക്കുന്നത്. ലഭിച്ച അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അർഹരായ 69 വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വെച്ച് എക്സലൻസ് പുരസ്കാരങ്ങൾ സമ്മാനിക്കും. റിയാദിലെ വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ഈ പ്രൗഢഗംഭീരമായ ചടങ്ങിൽ സംബന്ധിക്കും.
പ്രവാസലോകത്ത് വളർന്നുവരുന്ന പുതിയ തലമുറയ്ക്ക് ഉന്നത വിദ്യാഭ്യാസ മേഖലകളിൽ കൃത്യമായ മാർഗനിർദേശവും ഉപരിപഠനത്തിന് ആവശ്യമായ പ്രചോദനവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഐ.സി.എഫ് വർഷംതോറും ഈ മാതൃകാപരമായ പദ്ധതി നടപ്പിലാക്കി വരുന്നത്. നാളെ നടക്കുന്ന അവാർഡ് ദാന ചടങ്ങിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങൾ ഇതിനകം തന്നെ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം, സൗദി ദേശീയ തലത്തിൽ ഉന്നത വിജയം നേടിയ ഒന്നും രണ്ടും സ്ഥാനക്കാർക്കായി ഐ.സി.എഫ് ഇന്റർനാഷണൽ കമ്മിറ്റി ഏർപ്പെടുത്തിയ പ്രശസ്തമായ ‘നൂറുൽ ഉലമ സ്പെഷ്യൽ എജ്യു അവാർഡി’ലേക്ക് റിയാദ് റീജിയനിൽ നിന്നുള്ള അർഹരായ വിദ്യാർത്ഥികളുടെ എൻട്രികളും ചടങ്ങിൽ സമർപ്പിക്കുന്നതാണ്.



