റിയാദ് : സൗദി അറേബ്യയിൽ സ്വകാര്യ മേഖലയിലെ എൻജിനീയറിങ് തസ്തികകളിൽ തദ്ദേശവൽക്കരണ (സൗദിവൽക്കരണം) നിരക്ക് മുപ്പത് ശതമാനമായി ഉയർത്തിക്കൊണ്ടുള്ള നിർണായക നിയമം പ്രാബല്യത്തിൽ വന്നു. നേരത്തെ 25 ശതമാനമായിരുന്ന സംവരണമാണ് 30 ശതമാനമായി ഉയർത്തിയത്.
രാജ്യത്തെ എൻജിനീയറിങ് മേഖലയിൽ സ്വദേശി യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാനവശേഷി-സാമൂഹിക വികസന മന്ത്രാലയവും മുനിസിപ്പാലിറ്റി-ഹൗസിങ് മന്ത്രാലയവും സംയുക്തമായി തീരുമാനമെടുത്തത്. അഞ്ചോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ എൻജിനീയറിങ് തസ്തികകളിലാണ് പുതിയ നിയമം ബാധകമാകുന്നത്.
സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിന്റെ പ്രൊഫഷണൽ അക്രഡിറ്റേഷൻ ആവശ്യമുള്ള 46 ഓളം എൻജിനീയറിങ് തസ്തികകളെയാണ്നിയമം ലക്ഷ്യമിടുന്നത്. ആർക്കിടെക്ചർ, പവർ ജനറേഷൻ, ഇൻഡസ്ട്രിയൽ, ഇലക്ട്രോണിക്സ്, ഓട്ടോമോട്ടീവ്, മറൈൻ, എയ്‌റോസ്‌പേസ് എൻജിനീയറിങ് തുടങ്ങിയ പ്രമുഖ ശാഖകളെല്ലാം ഇതിന്റെ പരിധിയിൽ വരുന്നുണ്ട്.
കമ്പനികൾ നിയമം കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ മന്ത്രാലയത്തിന്റെ പ്രത്യേക പരിശോധനാ സംഘങ്ങൾ രാജ്യവ്യാപകമായി പരിശോധന നടത്തും. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ പിഴയും നിയമനടപടികളും ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എൻജിനീയറിങ് മേഖലയ്ക്ക് പുറമെ, പ്രവാസികൾ വലിയ തോതിൽ ജോലി ചെയ്യുന്ന മറ്റ് നിരവധി തന്ത്രപ്രധാന മേഖലകളിലേക്കും തദ്ദേശവൽക്കരണം ശക്തമാക്കാൻ സൗദി ഭരണകൂടം ലക്ഷ്യമിടുന്നുണ്ട്. വിവരസാങ്കേതികവിദ്യ , കമ്മ്യൂണിക്കേഷൻ, അക്കൗണ്ടിങ്, ധനകാര്യം, ഇൻഷുറൻസ്, പ്രൊജക്റ്റ് മാനേജ്‌മെന്റ്, സെയിൽസ് ആൻഡ് മാർക്കറ്റിങ് തുടങ്ങിയ വൈറ്റ് കോളർ തസ്തികകളിൽ സ്വദേശിവൽക്കരണത്തിന്റെ തോത് വരും മാസങ്ങളിൽ ഘട്ടഘട്ടമായി ഉയർത്താനാണ് മന്ത്രാലയത്തിന്റെ പദ്ധതി. ആരോഗ്യ സംരക്ഷണ മേഖലയിലെ ഫാർമസി, മെഡിക്കൽ ലബോറട്ടറി തസ്തികകളിലും, ടൂറിസം, ഏവിയേഷൻ, ലോജിസ്റ്റിക്സ് തുടങ്ങിയ വളർന്നുവരുന്ന മേഖലകളിലും കൂടുതൽ സ്വദേശികളെ നിയമിക്കാനുള്ള കർശനമായ നിർദ്ദേശങ്ങൾ കമ്പനികൾക്ക് നൽകി വരുന്നുണ്ട്. മാനേജ്മെന്റ്, ഹ്യൂമൻ റിസോഴ്സ് തസ്തികകൾ ഇതിനകം തന്നെ പൂർണ്ണമായി സ്വദേശിവൽക്കരിച്ചതിന് പിന്നാലെയാണ് മറ്റ് മേഖലകളിലേക്കും നിയന്ത്രണം കടുപ്പിക്കുന്നത്.
പുതിയ പരിഷ്കാരങ്ങൾ മലയാളികൾ ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം പ്രവാസികൾക്ക് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കാൻ പോകുന്നത്. സൗദിയിലെ നിർമാണ, വ്യവസായ, ഐടി മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസി എൻജിനീയർമാരിലും സാങ്കേതിക വിദഗ്ധരിലും നല്ലൊരു പങ്ക് കേരളത്തിൽ നിന്നുള്ളവരാണ്. എൻജിനീയറിങ് തസ്തികകളിൽ മുപ്പത് ശതമാനം സ്വദേശികളെ നിയമിക്കണം എന്ന നിബന്ധന വരുന്നതോടെ, നിലവിൽ ജോലി ചെയ്യുന്ന പല മുതിർന്ന മലയാളി ജീവനക്കാർക്കും ജോലി നഷ്ടപ്പെടുകയോ തരംതാഴ്ത്തപ്പെടുകയോ ചെയ്തേക്കാം. കമ്പനികൾ നിർബന്ധിതമായി സ്വദേശികളെ കണ്ടെത്തേണ്ടി വരുമ്പോൾ വിദേശികൾക്കുള്ള വിസ പുതുക്കുന്നതിലും പുതിയ വിസ അനുവദിക്കുന്നതിലും കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകും.
ഇതോടൊപ്പം അക്കൗണ്ടിങ്, സെയിൽസ്, ഐടി തുടങ്ങിയ മറ്റ് മേഖലകളിലേക്ക് കൂടെ സ്വദേശിവൽക്കരണം വ്യാപിക്കുന്നത് മലയാളി ഉദ്യോഗാർത്ഥികളുടെ വഴി പൂർണ്ണമായി അടയ്ക്കുന്നതിന് തുല്യമാകും. ഉയർന്ന ശമ്പളമുള്ള തസ്തികകൾ സ്വദേശികൾക്കായി മാറ്റിവെക്കുമ്പോൾ വിദേശി ജീവനക്കാരുടെ ശമ്പള ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാനും പ്രൊമോഷനുകൾ തടയാനും കമ്പനികൾ മുതിർന്നേക്കാം. സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിന്റെ രജിസ്‌ട്രേഷനും യോഗ്യതാ പരീക്ഷകളും സർട്ടിഫിക്കറ്റ് പരിശോധനകളും വരും ദിവസങ്ങളിൽ കൂടുതൽ കർശനമാകുന്നതോടെ, കേരളത്തിൽ നിന്ന് പുതിയതായി എൻജിനീയറിങ് ബിരുദം നേടി ഗൾഫിലേക്ക് വരാൻ ആഗ്രഹിക്കുന്ന പുതുതലമുറയ്ക്ക് അവസരങ്ങൾ ഗണ്യമായി കുറയും.
സാധാരണ തൊഴിലാളികളെ മാത്രമല്ല, പ്രൊഫഷണൽ രംഗത്തുള്ള മലയാളികളുടെയും നിലനിൽപ്പിനെ ബാധിക്കുന്ന തരത്തിലാണ് സൗദിയിലെ പുതിയ തൊഴിൽ സമവാക്യങ്ങൾ മാറുന്നത്.



