ഗാരി ലിനേക്കറെ മറികടന്ന് ഹാരി കെയ്ൻ ചരിത്രത്തിലേക്ക്; പനാമയെ തകർത്ത് ഇംഗ്ലണ്ട് ലോകകപ്പ് റൗണ്ട് ഓഫ് 32-ൽ

ലണ്ടൻ: ഗോളടിച്ച് കൂട്ടുന്നതിൽ സമാനതകളില്ലാത്ത പ്രകടനം തുടരുന്ന ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയ്ൻ ഫുട്ബോൾ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ടു. ഇംഗ്ലണ്ട് ദേശീയ ടീമിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായ കെയ്ൻ, പനാമയ്‌ക്കെതിരായ മത്സരത്തിലൂടെ ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ചരിത്ര നേട്ടമാണ് സ്വന്തമാക്കിയത്. പനാമയ്‌ക്കെതിരായ മത്സരത്തിന്റെ 67-ാം മിനിറ്റിൽ താരം നേടിയ ഗോളോടെ ലോകകപ്പിലെ കെയ്‌നിന്റെ ആകെ ഗോൾ നേട്ടം 11 ആയി ഉയർന്നു. ഇതോടെ ലോകകപ്പുകളിൽ ഇംഗ്ലണ്ടിനായി 10 ഗോളുകൾ നേടിയിരുന്ന ഇതിഹാസ താരം ഗാരി ലിനേക്കറുടെ റെക്കോർഡാണ് കെയ്ൻ തകർത്തത്. ലിനേക്കർ 1986 ലോകകപ്പിൽ ആറ് ഗോളുകളും 1990 ലോകകപ്പിൽ നാല് ഗോളുകളുമാണ് നേടിയിരുന്നത്. എന്നാൽ 2018, 2022, 2026 ലോകകപ്പുകളിലെ തകർപ്പൻ പ്രകടനത്തിലൂടെയാണ് കെയ്ൻ ഈ റെക്കോർഡ് മറികടന്നത്. 2018-ൽ ആറ് ഗോളുകൾ നേടിയ താരം 2022-ൽ രണ്ടും, ഈ ലോകകപ്പിൽ ഇതുവരെ മൂന്ന് ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. ക്രൊയേഷ്യക്കെതിരായ ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ താരം ഇരട്ടഗോൾ നേടിയിരുന്നു.

ലോകകപ്പിലെ നിർണ്ണായകമായ അവസാന ഗ്രൂപ്പ് റൗണ്ട് മത്സരത്തിൽ പനാമയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തി യൂറോപ്യൻ വമ്പന്മാരായ ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായി മുന്നേറി. ഗ്രൂപ്പ് ‘എൽ’-ൽ നിന്ന് ഏഴ് പോയിന്റോടെയാണ് ഇംഗ്ലണ്ട് ഒന്നാമന്മാരായി റൗണ്ട് ഓഫ് 32-ലേക്ക് പ്രവേശനം ഉറപ്പാക്കിയത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ രണ്ട് ഗോളുകളും പിറന്നത്. സൂപ്പർ താരങ്ങളായ ജൂഡ് ബെല്ലിങ്ഹാം, ഹാരി കെയ്ൻ എന്നിവരാണ് ഇംഗ്ലണ്ടിനായി വലകുലുക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇംഗ്ലിഷ് മുന്നേറ്റ നിരയ്ക്ക് ലക്ഷ്യം കാണാൻ കഴിയാതിരുന്നത് ഗോൾ മഴ പ്രതീക്ഷിച്ചെത്തിയ ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ തന്ത്രങ്ങൾ മാറ്റിയ ഇംഗ്ലണ്ട് 62-ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാമിലൂടെ ആദ്യ ഗോൾ നേടി. ബുകായോ സാക എടുത്ത കോർണറിൽ നിന്നും പനാമ പ്രതിരോധത്തെ നിസ്സഹായരാക്കി ബെല്ലിങ്ഹാം പന്ത് വലയിലെത്തിക്കുകയായിരുന്നു.

ആദ്യ ഗോൾ വീണതോടെ കൂടുതൽ ഊർജ്ജത്തോടെ കളിച്ച ഇംഗ്ലണ്ട് ബുകായോ സാക, യാറെൽ ക്വാൻസ എന്നിവരെ പിൻവലിച്ച് നോനി മഡ്വേകെ, യെഡ് സ്പെൻസ് എന്നിവരെ കളത്തിലിറക്കി. തൊട്ടുപിന്നാലെ 67-ാം മിനിറ്റിൽ ക്യാപ്റ്റൻ ഹാരി കെയ്നിലൂടെ രണ്ടാമത്തെ ഗോളും പിറന്നു. ബോക്സിലേക്ക് വന്ന ബെല്ലിങ്ഹാമിന്റെ മനോഹരമായ ക്രോസ് ഹെഡ് ചെയ്താണ് കെയ്ൻ പനാമയുടെ വലകുലുക്കിയത്. ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്റെ റൗണ്ട് ഓഫ് 32 പോരാട്ടം ബുധനാഴ്ച രാത്രി 9.30-ന് നടക്കും. എതിരാളികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ഗ്രൂപ്പ് ഐ, ജെ, കെ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ നിന്നുള്ള മൂന്നാം സ്ഥാനക്കാരാവും ഇംഗ്ലണ്ടിന്റെ എതിരാളികൾ.

 

 

Related Articles

- Advertisement -spot_img

Latest Articles