ന്യൂഡൽഹി: മഹാരാഷ്ട്ര അധ്യാപക യോഗ്യതാ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ മാറ്റിവെക്കേണ്ടി വന്ന സംഭവത്തിൽ കേന്ദ്ര സർക്കാരിനും മഹാരാഷ്ട്രയിലെ ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നിരന്തരമുണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ചകൾ രാജ്യത്തെ യുവാക്കളുടെ ഭാവി കവർന്നെടുക്കുന്നതിന് തുല്യമാണെന്നും, നിലവിൽ ഇന്ത്യയിലെ വിദ്യാഭ്യാസ-പരീക്ഷാ സംവിധാനം കേവലം ‘കൊള്ളയടിക്കാനുള്ള ഒരു സംവിധാനമായി’ മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. “വീണ്ടും ഒരു ചോദ്യപേപ്പർ ചോർച്ച, വീണ്ടും ഒരു പരീക്ഷ റദ്ദാക്കൽ; ഇത്തവണ മഹാരാഷ്ട്രയിലെ ടെറ്റ് പരീക്ഷയാണ് തകർത്തത്. ഈ തകർച്ച രാജ്യത്തെ ഓരോ യുവാക്കളെയും വലിയ രീതിയിൽ അരക്ഷിതരാക്കിയിരിക്കുകയാണ്. ഇത് വെറുമൊരു ചോദ്യപേപ്പർ ചോർച്ചയല്ല, മറിച്ച് നമ്മുടെ യുവാക്കളുടെ ഭാവിയെത്തന്നെ കൊള്ളയടിക്കലാണ്,” എന്ന് രാഹുൽ ഗാന്ധി തന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ കുറിച്ചു. രാജ്യത്ത് സമീപകാലത്തായി വിവിധ പ്രവേശന, മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് മഹാരാഷ്ട്ര ടെറ്റ് പരീക്ഷയിലും സമാനമായ അഴിമതി ആരോപണം ഉയർന്നിരിക്കുന്നത്. നേരത്തെ നീറ്റ് പരീക്ഷാ ചോർച്ചയെ തുടർന്ന് മെയ് മൂന്നിന് നടത്തിയ പരീക്ഷ റദ്ദാക്കേണ്ടി വരികയും, പിന്നീട് എൻ.ടി.എ ജൂൺ 21-ന് നീറ്റ് യു.ജി പുനഃപരീക്ഷ നടത്തുകയും ചെയ്ത സംഭവം രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
മഹാരാഷ്ട്ര ടെറ്റ് പരീക്ഷ ജൂൺ 28-ന് നടക്കാനിരിക്കെയാണ് താനെ ജില്ലയിലെ ഭീവണ്ടിയിൽ പോലീസ് നടത്തിയ നിർണ്ണായക റെയ്ഡിൽ യഥാർത്ഥ ചോദ്യപേപ്പറുമായി പ്രഥമദൃഷ്ട്യാ സാമ്യമുള്ള ചില പ്രധാന രേഖകൾ കണ്ടെടുത്തത്. ഇതേത്തുടർന്ന് പരീക്ഷ അടിയന്തരമായി മാറ്റിവെക്കാൻ അധികൃതർ തീരുമാനിക്കുകയും സംഭവത്തിൽ സമഗ്രമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഇതിനകം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ യഥാർത്ഥ ടെറ്റ് ചോദ്യപേപ്പർ തന്നെയോ അതോ കേവലം മോക്ക് ടെസ്റ്റ് പേപ്പറുകളോ ആണോ എന്ന് വിദ്യാഭ്യാസ വകുപ്പ് കർശനമായി പരിശോധിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എങ്കിലും, പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ പിടിച്ചെടുത്ത ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറുമായി പൊരുത്തപ്പെടുന്നതാണെന്ന സൂചനകളാണ് ലഭിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച വലിയ ക്രിമിനൽ ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്. പരീക്ഷയുടെ വിശ്വാസ്യത പൂർണ്ണമായും ഉറപ്പാക്കുന്നതിനും സമഗ്ര അന്വേഷണം സുതാര്യമാക്കുന്നതിനുമാണ് പരീക്ഷ മാറ്റിവെച്ചതെന്ന് മഹാരാഷ്ട്ര സംസ്ഥാന പരീക്ഷാ കൗൺസിൽ അറിയിച്ചു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും, പരീക്ഷാർത്ഥികൾക്ക് ആവശ്യമായ തുടർ നിർദ്ദേശങ്ങൾ ഔദ്യോഗിക വെബ്സൈറ്റ് വഴി അറിയിക്കുമെന്നും കൗൺസിൽ വ്യക്തമാക്കി. പരീക്ഷ പെട്ടെന്ന് മാറ്റിവെച്ചത് സംസ്ഥാനത്തെ ഏകദേശം 4.28 ലക്ഷത്തോളം വരുന്ന ഉദ്യോഗാർത്ഥികളെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.



