ദമ്മാം: സൗദി അറേബ്യയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖനും ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റിയുടെ മുൻ പ്രസിഡന്റുമായിരുന്ന പി. എം നജീബിന്റെ ഓർമ്മയ്ക്കായി ഒ ഐ സി സി ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി സംഘടിപ്പിച്ച മൂന്നാം പി. എം നജീബ് മെമ്മോറിയൽ എഡ്യൂക്കേഷണൽ എക്സെലൻസ് അവാർഡ് “മികവ് 2026” ദമ്മാമിൽ വെച്ച് നടന്നു. 2025-2026 അധ്യയന വർഷത്തിൽ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഒ ഐ സി സി പ്രവർത്തകരുടെ മക്കളായ അറുപതിലധികം വിദ്യാർത്ഥികളെയാണ് ചടങ്ങിൽ അവാർഡ് നൽകി ആദരിച്ചത്.
ദമ്മാം ബദർ അൽറാബി ഓഡിറ്റോറിയത്തിൽ വെച്ച് പ്രോവിൻസ് പ്രസിഡന്റ് ഇ. കെ സലീമിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനം ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. കിഴക്കൻ പ്രവിശ്യയിലെ വിദ്യാഭ്യാസ മേഖലയുൾപ്പെടെയുള്ള പൊതുരംഗത്ത് സജീവമായിരുന്ന ഏറ്റവും ജനകീയനായ നേതാവായിരുന്നു പി. എം നജീബെന്ന് അദ്ദേഹം അനുസ്മരിച്ചു. സൗദി അറേബ്യയിൽ കോൺഗ്രസ്സ് അനുകൂല സംഘടനാ പ്രവർത്തനത്തിന് തുടക്കമിട്ട അദ്ദേഹം വാക്കിലും പ്രവൃത്തിയിലും എളിമയും വിനയവും കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ മനുഷ്യസ്നേഹത്തോടെ പെരുമാറിയിരുന്ന അദ്ദേഹം നിതാഖാത്ത്, കോവിഡ് കാലഘട്ടങ്ങളിൽ നടത്തിയ ജീവകാരുണ്യ ഇടപെടലുകൾ ശ്ലാഘനീയമായിരുന്നുവെന്നും, അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാട് പ്രസ്ഥാനത്തിന് ഇന്നും തീരാവേദനയാണെന്നും ബിജു കല്ലുമല കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഒ ഐ സി സി മുൻ ഗ്ലോബൽ വൈസ് പ്രസിഡന്റ് സി. അബ്ദുൽ ഹമീദ്, ഒ ഐ സി സി ഗ്ലോബൽ പ്രതിനിധി ജോൺ കോശി, മാലിക്ക് മഖ്ബൂൽ (കെ. എം. സി. സി), പ്രവീൺ വല്ലത്ത് (നവോദയ), അൽമുന ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ നൗഫൽ, സാജിദ് അറാട്ടുപുഴ (ഗൾഫ് മാധ്യമം), മുജീബ് കളത്തിൽ (ജയ്ഹിന്ദ്), ഹസൈനാൻ (ദമ്മാം ഇന്ത്യൻ സ്കൂൾ മുൻ മാനേജിംഗ് കമ്മിറ്റി മെമ്പർ), ഒ ഐ സി സി പ്രോവിൻസ് വൈസ് പ്രസിഡന്റുമാരായ ഡോ. സിന്ധു ബിനു, ഷംസ് കൊല്ലം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും രേഖപ്പെടുത്തി.
ഒ ഐ സി സി പ്രവർത്തകരും വിദ്യാർത്ഥികളും വിശിഷ്ടാതിഥികളും പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ കുട്ടികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഒ ഐ സി സി കുടുംബാംഗങ്ങളുടെ മക്കളിൽ നിന്ന് പി. ജി ബി. എസ്. സി മൈക്രോബയോളജി എൻട്രൻസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ അസ്ന ഹമീദ്, എം. ബി. ബി. എസിൽ ഉന്നത വിജയം നേടിയ ഡോ. അക്മൽ ബ്നു സജൂബ്, ഉപരിപഠനത്തിനായി നാട്ടിലേക്ക് തിരിക്കുന്ന കല്യാണി ബിനു നായർ എന്നിവർക്ക് പ്രത്യേക ഉപഹാരങ്ങൾ നൽകി ആദരിച്ചു. നൂറ നിറാസ് അവതാരകയായ ചടങ്ങിൽ, പ്രവിശ്യയിലെ പ്രമുഖ കലാകാരന്മാർ അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികൾ “മികവ് 2026″ന് മാറ്റ് കൂട്ടി.



