ഒൻപതാം ക്ലാസുകാരി പീഡനത്തിനിരയായ കേസിൽ നാടകീയ തിരിവ്; കസ്റ്റഡിയിലായ ആറുപേരെയും വിട്ടയച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ പതിമൂന്നുകാരിയായ ഒൻപതാം ക്ലാസ് വിദ്യാർഥിനി സഹപാഠികളുടെ പീഡനത്തിനിരയായെന്ന പരാതിയിൽ നാടകീയമായ തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്ന പ്രായപൂർത്തിയാകാത്ത നാല് കുട്ടികളടക്കം ആറുപേരെയും താൽക്കാലികമായി വിട്ടയച്ചു. പെൺകുട്ടി നൽകിയ മൊഴികളും സാഹചര്യങ്ങളും തമ്മിൽ ഒട്ടും പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസിന്റെ ഈ അടിയന്തിര നടപടി. കേസിൽ കൂടുതൽ വിശദവും സമഗ്രവുമായ അന്വേഷണം ആവശ്യമാണെന്ന് വ്യക്തമാക്കിയ പോലീസ്, പെൺകുട്ടി ആദ്യം നൽകിയ മൊഴികളിലും പിന്നീട് നൽകിയ വിശദീകരണങ്ങളിലും പ്രകടമായ മാറ്റങ്ങളും വൈരുദ്ധ്യങ്ങളുമുണ്ടെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ രണ്ട് പോക്സോ കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കുട്ടി പീഡനത്തിനിരയായ വിവരം സഹോദരിയാണ് ആദ്യം സ്കൂളിലെ അധ്യാപികയെ അറിയിക്കുന്നത്. തുടർന്ന് അധ്യാപിക വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് ഹെൽപ് ലൈൻ അധികൃതരെത്തി പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകിയതോടെയാണ് ഈ വിവരം പുറംലോകമറിയുന്നത്. കൗൺസിലിംഗിനിടെ സഹപാഠികളടക്കം 10 പേരുടെ പേരുകളാണ് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നത്. സഹപാഠിയായ മറ്റൊരു പെൺകുട്ടിയുടെ വീട്ടിൽ വെച്ചും സ്കൂളിലെ ശുചിമുറിയിൽ വെച്ചും പീഡനം നടന്നതായാണ് കുട്ടി മൊഴി നൽകിയിരുന്നത്. കേസിലെ പ്രതിപ്പട്ടികയിൽ ഈ സഹപാഠിയായ പെൺകുട്ടിയും ഉൾപ്പെടുന്നുണ്ട്. നിലവിൽ 13 കാരിയായ പെൺകുട്ടിയെ സുരക്ഷിതത്വത്തിനായി ചൈൽഡ് ഹെൽപ് ലൈന്റെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. മൊഴികളിലെ കടുത്ത വൈരുദ്ധ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ, ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിൽ കൃത്യമായ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് പോലീസിന്റെ തീരുമാനം.

 

Related Articles

- Advertisement -spot_img

Latest Articles