ഹോർമോസ് കടലിടുക്കിൽ കപ്പൽ ആക്രമണം; ഇറാന് നേരെ മൂന്നാം വട്ട വ്യോമാക്രമണവുമായി അമേരിക്കൻ സൈന്യം

വാഷിംഗ്ടൺ/ടെഹ്റാൻ: ഹോർമോസ് കടലിടുക്കിൽ സൈപ്രസ് പതാക വഹിച്ചുള്ള ചരക്കുകപ്പലിന് നേരെ ഇറാൻ റവല്യൂഷണറി ഗാർഡ്സ് ആക്രമണം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ഇറാന് നേരെ മൂന്നാം വട്ട വ്യോമാക്രമണം ആരംഭിച്ച് അമേരിക്കൻ സൈന്യം. യുഎസ് സെൻട്രൽ കമാൻഡ് ആണ് ഇറാന്റെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടുള്ള പുതിയ ആക്രമണ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. അമേരിക്കയുടെ ആക്രമണത്തിൽ ഇറാന്റെ തീരദേശ മേഖലകളിലെ പ്രതിരോധ സംവിധാനങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ.

ഹോർമോസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ കപ്പലിന് തീപിടിക്കുകയും എൻജിന് ഗുരുതരമായ തകരാർ സംഭവിക്കുകയും ചെയ്തതായി യുഎസ് സൈന്യം വ്യക്തമാക്കി. ഇതേതുടർന്ന് കപ്പലിന് യാത്ര തുടരാൻ സാധിച്ചിട്ടില്ല. ആക്രമണത്തിൽ കപ്പലിലെ ഒരു ജീവനക്കാരനെ കാണാതായതായും റിപ്പോർട്ടുണ്ട്. വാണിജ്യ കപ്പലുകൾക്ക് നേരെ നേരത്തെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ജൂൺ 16-ന് ഒപ്പുവെച്ച സമാധാന ധാരണാപത്രം പാലിക്കാനും അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കാനും ഇറാന് വീണ്ടുമൊരു അവസരം നൽകിയിരുന്നതാണ്. എന്നാൽ അവർ അതിൽ വീണ്ടും പരാജയപ്പെട്ടുവെന്ന് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

ഇറാന്റെ ഈ തുടർച്ചയായ ലംഘനങ്ങൾക്കുള്ള മറുപടിയായാണ് അമേരിക്ക ഇപ്പോൾ കടുത്ത തിരിച്ചടി നൽകുന്നത്. അന്താരാഷ്ട്ര കപ്പൽപ്പാതയിലൂടെ സ്വതന്ത്രമായി സഞ്ചരിക്കുന്ന സിവിലിയൻ കപ്പലുകൾക്കും നാവികർക്കും നേരെ യഥേഷ്ടം ആക്രമണം നടത്താനുള്ള ഇറാന്റെ സൈനിക ശേഷിയെ പൂർണ്ണമായി ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇതിനായി ഇറാൻ വലിയ വില നൽകേണ്ടി വരുമെന്നും യുഎസ് സൈനിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ഇതോടെ പശ്ചിമേഷ്യയിൽ യുഎസ്-ഇറാൻ സൈനിക സംഘർഷം കൂടുതൽ ഭീതിദമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles