ടെഹ്റാൻ: ജോർദാനിലെ അൽ-അസ്രഖ് യു.എസ് എയർബേസിന് നേരെ നടത്തിയ മിസൈലാക്രമണത്തിൽ അമേരിക്കയുടെ മൂന്ന് എഫ്-35 യുദ്ധവിമാനങ്ങൾ പൂർണ്ണമായും തകർത്തതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്. ഇറാനിലെ കേശ് ദ്വീപിൽ യു.എസ് നടത്തിയ ആക്രമണത്തിൽ ദമ്പതിമാരും അവരുടെ കുഞ്ഞും കൊല്ലപ്പെട്ടതിന് മറുപടിയായാണ് തങ്ങൾ ഈ പ്രതികാര ആക്രമണം നടത്തിയതെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു. യു.എസിന്റെ എഫ്-35 പോരാളി വിമാനങ്ങൾ നിർത്തിയിട്ടിരുന്ന താവളത്തിലെ റാമ്പും മെയിന്റനൻസ് ഷെഡും ലക്ഷ്യമിട്ട് നിരവധി ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി ഐ.ആർ.ജി.സി വ്യക്തമാക്കി.
മൂന്ന് വിമാനങ്ങൾ പൂർണ്ണമായി തകർന്നതിന് പുറമെ മറ്റ് മൂന്ന് യുദ്ധവിമാനങ്ങൾക്ക് കനത്ത കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ഇറാൻ സേന അവകാശപ്പെട്ടു. ആക്രമണത്തിൽ നിരവധി അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരും സാങ്കേതിക-പരിപാലന ജീവനക്കാരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഐ.ആർ.ജി.സി പ്രസ്താവനയിലൂടെ അറിയിച്ചു. അർദ്ധരാത്രിയിൽ ഉറങ്ങിക്കിടന്ന നിരപരാധികളായ കുടുംബങ്ങളെ കൊലപ്പെടുത്തുന്ന ആക്രമണകാരികൾക്ക് ഈ മേഖലയിൽ സ്ഥാനമില്ലെന്ന് കുറ്റപ്പെടുത്തിയ ഇറാൻ, അവസാന അമേരിക്കൻ അധിനിവേശക്കാരനെയും പ്രദേശത്തുനിന്ന് പുറത്താക്കുന്നത് വരെ പോരാട്ടം തുടരുമെന്നും കൂട്ടിച്ചേർത്തു.



