ബാഗ്ദാദ്: മേഖലയിൽ സമീപകാലത്തുണ്ടായ ആക്രമണങ്ങൾ ഇറാഖിന്റെ മണ്ണിൽ നിന്നാണ് ആരംഭിച്ചതെന്ന ആരോപണങ്ങൾക്ക് യാതൊരു തെളിവുമില്ലെന്ന് ഇറാഖി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ സബാഹ് അൽ നുമാൻ. സർക്കാർ ഉടമസ്ഥതയിലുള്ള ഇറാഖി വാർത്താ ഏജൻസിയോട് സംസാരിക്കവെയാണ് ഇറാഖ് സായുധ സേനാ കമാൻഡർ ഇൻ ചീഫിന്റെ വക്താവായ അൽ നുമാൻ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിനുള്ളിൽ നിന്നുള്ള ഏതെങ്കിലും വ്യക്തികളുടെയോ ഗ്രൂപ്പുകളുടെയോ അനാവശ്യ നീക്കങ്ങൾ സർക്കാർ അനുവദിക്കില്ലെന്നും, അതേസമയം അതിർത്തിക്ക് പുറത്തുനിന്നുള്ള യാതൊരുവിധ ലംഘനങ്ങളും അംഗീകരിക്കില്ലെന്നും അൽ നുമാൻ പറഞ്ഞു.
പ്രധാനമന്ത്രിയും സായുധ സേനാ കമാൻഡർ ഇൻ ചീഫുമായ അലി ഫാലിഹ് അൽ സെയ്ദി പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സിന്റെ ആസ്ഥാനം സന്ദർശിക്കുകയും, വിവിധ പ്രവിശ്യകളിൽ പി.എം.എഫ് അംഗങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളെക്കുറിച്ച് വിശദമായി വിലയിരുത്തുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. പി.എം.എഫ് രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ അവിഭാജ്യ ഘടകമാണെന്നാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാവിയിലുണ്ടാകുന്ന ആക്രമണങ്ങൾ തടയുന്നതിനും ഇറാഖിന്റെ പൂർണ്ണ പരമാധികാരം നിലനിർത്തുന്നതിനുമായി സുരക്ഷാ വിഭാഗം നിലവിൽ സമഗ്രമായ ഒരു സുരക്ഷാ പദ്ധതി തയ്യാറാക്കുകയാണെന്ന് അൽ നുമാൻ വെളിപ്പെടുത്തി. രാജ്യത്തിന്റെ സുരക്ഷാ ചുമതല ഔദ്യോഗിക സുരക്ഷാ സേനകൾക്ക് മാത്രമായിരിക്കുമെന്നും, ഭരണകൂടത്തിന്റെ നിയന്ത്രണത്തിന് പുറത്തുള്ള യാതൊരു സായുധ സാന്നിധ്യവും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



