റിയാദ്: ചെങ്കടൽ, ബാബ് എൽ-മന്ദബ് കടലിടുക്ക്, ഏഡൻ ഉൾക്കടൽ തുടങ്ങിയ തന്ത്രപ്രധാനമായ സമുദ്രപാതകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര കപ്പൽ ഗതാഗതവും ഊർജ്ജ വിതരണവും സംരക്ഷിക്കുന്നതിനുമായി സൗദി അറേബ്യയുടെ നേതൃത്വത്തിൽ ബഹുരാഷ്ട്ര സമുദ്ര പ്രതിരോധ സഖ്യം രൂപീകരിച്ചു. റിയാദിൽ നടന്ന വിവിധ രാജ്യങ്ങളുടെ സൈനിക മേധാവിമാരുടെയും പ്രതിനിധികളുടെയും ഉച്ചകോടിക്ക് ശേഷമാണ് 14 അംഗരാജ്യങ്ങൾ ഉൾപ്പെട്ട സഖ്യത്തിന്റെ രൂപീകരണം സംബന്ധിച്ച് സംയുക്ത പ്രഖ്യാപനം പുറത്തുവന്നത്.
സൗദി അറേബ്യയ്ക്ക് പുറമെ കുവൈറ്റ്, ബഹ്റൈൻ, ഖത്തർ, പാകിസ്ഥാൻ, തുർക്കി, ഈജിപ്ത്, ജോർദാൻ, യമൻ, ബംഗ്ലാദേശ്, നൈജീരിയ, സുഡാൻ, ജിബൂട്ടി, സൊമാലിയ എന്നീ രാജ്യങ്ങളാണ് സഖ്യത്തിലെ സ്ഥാപക അംഗങ്ങൾ.ആഗോള സമുദ്രമേഖല നേരിടുന്ന വെല്ലുവിളികളെ സംയുക്തമായി പ്രതിരോധിക്കുക, നാവിക സ്വാതന്ത്ര്യം ഉറപ്പാക്കുക, അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുക എന്നിവയാണ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. തികച്ചും പ്രതിരോധ സ്വഭാവമുള്ള ഈ സഖ്യം ഏതെങ്കിലും പ്രത്യേക രാജ്യത്തിനോ അന്താരാഷ്ട്ര സംഘടനയ്ക്കോ എതിരല്ലെന്നും അംഗരാജ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
സഖ്യത്തിന്റെ സ്ഥാപക രാജ്യവും നേതൃസ്ഥാനവും വഹിക്കുന്ന സൗദി അറേബ്യയിലെ റിയാദായിരിക്കും ഇതിന്റെ സ്ഥിരം ആസ്ഥാനം. യൂറോപ്യൻ യൂണിയൻ പ്രതിനിധികളും 43 രാജ്യങ്ങളിൽ നിന്നുള്ള സൈനിക മേധാവികളും ഉൾപ്പെടെ അമ്പതിലേറെ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും ഉച്ചകോടിയിൽ പങ്കെടുത്തു. സഖ്യത്തിന്റെ ഔദ്യോഗിക ചാർട്ടറും ഘടനയും പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാകുമെന്നും സമുദ്രസുരക്ഷയിൽ താല്പര്യമുള്ള കൂടുതൽ രാജ്യങ്ങൾക്ക് സഖ്യത്തിന്റെ ഭാഗമാകാമെന്നും സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.



