നീറ്റ് പ്രതിഷേധത്തിന് പിന്നാലെ കടുത്ത സൈബർ ആക്രമണം; പൊലീസും മാധ്യമങ്ങളും കണ്ണടയ്ക്കുന്നുവെന്ന് റിയ ആഹിർ

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് പിന്നാലെ തനിക്കെതിരെ കടുത്ത സൈബർ ആക്രമണം നടക്കുന്നതായി മുംബൈ സ്വദേശിനിയായ റിയ ആഹിർ. ഡൽഹിയിൽ കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് റിയ താൻ നേരിടുന്ന അതിക്രമങ്ങൾ തുറന്നുപറഞ്ഞത്. മുംബൈയിൽ നീറ്റ് പ്രതിഷേധത്തിനിടെ 20-ഓളം വിദ്യാർത്ഥികളെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച പൊലീസ് വാഹനം തടഞ്ഞതോടെയാണ് റിയയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്.

കേവലം ‘പൊലീസിനെ തടഞ്ഞ പെണ്‍കുട്ടി’ എന്ന മാധ്യമങ്ങളുടെ കാഴ്ചപ്പാട് മാറണമെന്നും വിദ്യാർത്ഥികളുടെ അവകാശത്തിന് വേണ്ടിയാണ് താൻ നിലകൊണ്ടതെന്നും റിയ വ്യക്തമാക്കി. തനിക്കെതിരെ പൊതുജനങ്ങളിൽ നിന്നും വിവിധ പാർട്ടി പ്രവർത്തകരിൽ നിന്നും അങ്ങേയറ്റം അധിക്ഷേപകരമായ പോസ്റ്റുകളും ലൈംഗികാധിക്ഷേപങ്ങളും ഉണ്ടാകുന്നുണ്ട്. ജൂലൈ 27-ന് സൈബർ ആക്രമണത്തിനെതിരെ പരാതി നൽകിയിട്ടും ഓഗസ്റ്റ് 5 ആയിട്ടും പൊലീസ് എഫ്.ഐ.ആർ ഇടാൻ പോലും തയ്യാറായിട്ടില്ല. ഈ രാജ്യത്ത് ആർട്ടിക്കിൾ 14 പ്രകാരമുള്ള തുർക്കി നീതി എല്ലാവർക്കും ലഭ്യമാണോ അതോ ഭരണഘടനാ പദവിയിലുള്ളവർക്ക് മാത്രമാണോ നീതി ലഭിക്കുകയെന്നും റിയ ചോദ്യമുയർത്തി.

ഡൽഹി ജന്തർ മന്തറിലെ പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്ന് പൊലീസ് അതിക്രമത്തിന് ഇരയായ മുസ്കാൻ എന്ന യുവതിയും വാർത്താ സമ്മേളനത്തിൽ സംസാരിച്ചു. സമാധാനപരമായി പ്രതിഷേധിച്ച തങ്ങളെ പുരുഷ പൊലീസുകാരും ആർ.എ.എഫ് ഉദ്യോഗസ്ഥരും ക്രൂരമായി മർദ്ദിച്ചതായും അധിക്ഷേപിച്ചതായും മുസ്കാൻ ആരോപിച്ചു. സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥർ തന്നെ അതിക്രമം നടത്തുമ്പോൾ രാജ്യത്തെ ഒരു സ്ത്രീ എവിടെപ്പോയി സംരക്ഷണം തേടുമെന്ന് മുസ്കാൻ മാധ്യമങ്ങളോട് ചോദിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles