അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ ബി.ജെ.പി സൂറത്ത് ജില്ലാ മഹിളാ മോർച്ച മുൻ വൈസ് പ്രസിഡന്റ് ശശി സിങ്ങിന്റെ മരുമകൾ നിധി സിങ് (24) തൂങ്ങിമരിച്ച നിലയിൽ. സംഭവത്തിൽ ഭർത്താവ് സൗരഭ് സിങ്, ഇയാളുടെ വനിതാ സുഹൃത്ത് എന്നിവർക്കെതിരെ കദോദര പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബിഹാറിലെ മുസാഫർപുർ സ്വദേശിനിയായ നിധിയും സൗരഭും തമ്മിലുള്ള വിവാഹം രണ്ടു വർഷം മുൻപാണ് നടന്നത്.
ചൊവ്വാഴ്ച വൈകീട്ട് ഭർതൃമാതാവ് ശശി സിങ് ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് വീട് പൂട്ടിയ നിലയിൽ കണ്ടത്. നേരത്തെ ശരീരത്തിന് അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്ന് നിധി ഭർതൃമാതാവിനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. തുടർന്ന് പ്രധാന വാതിൽ തകർത്ത് അകത്തുകയറി പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിൽ നിധിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം കൊലപാതകമാണെന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും, വൈദ്യപരിശോധനയ്ക്കിടെ നിധിയുടെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഒന്നര പേജുള്ള ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. തെളിവ് നശിപ്പിക്കപ്പെടാതിരിക്കാനാകാം നിധി കുറിപ്പ് വസ്ത്രത്തിനുള്ളിൽ സൂക്ഷിച്ചതെന്ന് പോലീസ് ഇൻസ്പെക്ടർ വി.എ. ദേശായി വ്യക്തമാക്കി.
വിവാഹത്തിനു മുൻപും ശേഷവും സൗരഭിന് മറ്റൊരു വനിതാ സുഹൃത്തുമായി ബന്ധമുണ്ടായിരുന്നതായും, ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് ഭർതൃവീട്ടിൽ പതിവായി തർക്കങ്ങൾ നടന്നിരുന്നതായും ബിഹാറിൽ നിന്നെത്തിയ നിധിയുടെ സഹോദരൻ ആദിത്യ കുമാർ നൽകിയ പരാതിയിൽ പറയുന്നു. സഹോദരന്റെ പരാതിയുടെയും ആത്മഹത്യാ കുറിപ്പിന്റെയും അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, കേസിന്റെ എഫ്.ഐ.ആറിൽ ശശി സിങ്ങിന്റെ പേരില്ലെന്നും അവർ നിലവിൽ പാർട്ടിയുടെ സജീവ പ്രവർത്തകയാണെന്നും ബി.ജെ.പി സൂറത്ത് ജില്ലാ അധ്യക്ഷൻ ഭരത് റാത്തോഡ് പ്രതികരിച്ചു



