കണ്ണൂർ: ബംഗളൂരുവിൽ നിന്ന് കൊറിയർ മാർഗ്ഗം കളിപ്പാട്ട റോബോട്ടിനുള്ളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ സംഭവത്തിൽ യുവാവിനെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. പിണറായി പുത്തൻകണ്ടം സ്വദേശി എ. ഫൈസലിനെയാണ് (33) 20.5 ഗ്രാം എം.ഡി.എം.എയുമായി പോലീസും ജില്ലാ ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡാൻസാഫ്) ചേർന്ന് പിടികൂടിയത്. ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പരിശോധനകളുടെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി. വിജയ ഭാരത് റെഡ്ഡിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പോലീസ് നടപടി. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കണ്ണൂർ ടൗണിലെ സ്വകാര്യ ട്രാവൽ ഏജൻസിയുടെ കൊറിയർ സ്ഥാപനത്തിൽ നിന്ന് പാർസൽ കൈപ്പറ്റി മടങ്ങുന്നതിനിടെയാണ് ഫൈസൽ പിടിയിലാകുന്നത്.
പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മൽപിടുത്തത്തിലൂടെയാണ് ഉദ്യോഗസ്ഥർ കീഴടക്കിയത്. തുടർന്ന് ഇയാളുടെ കൈവശമുണ്ടായിരുന്ന കളിപ്പാട്ട റോബോട്ട് പരിശോധിച്ചപ്പോഴാണ് അതിനുള്ളിലെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ കണ്ടെത്തിയത്.കണ്ണൂർ എ.സി.പി ആസാദ്, ഇൻസ്‌പെക്ടർ മഹേഷ് കണ്ടമ്പോത്ത്, കണ്ണൂർ ടൗൺ എസ്.ഐ പി. ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. കൊറിയർ സർവീസുകൾ വഴിയുള്ള ലഹരിക്കടത്ത് തടയുന്നതിനായി പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്നും, പ്രതിയെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.



