ട്രെയിനിൽ യുവതിക്കുനേരെ ലൈംഗികാതിക്രമ ശ്രമം: അസം സ്വദേശി പിടിയിൽ; ആർ.പി.എഫ് ഉദ്യോഗസ്ഥന് ആക്രമണത്തിൽ പരിക്ക്

തിരൂർ: ഓടുന്ന ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ അസം സ്വദേശിയായ യുവാവിനെ ആർ.പി.എഫ് പിടികൂടി. അസം സ്വദേശി റോയൽ രാജു (30) ആണ് അറസ്റ്റിലായത്. കോയമ്പത്തൂർ-മംഗലാപുരം എക്സ്പ്രസ് ഷൊർണൂർ സ്റ്റേഷൻ വിട്ട ശേഷമാണ് സംഭവം. ശുചിമുറിക്ക് സമീപത്തുണ്ടായിരുന്ന യുവതിയെ പ്രതി ബലമായി അതിനുള്ളിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുതറി മാറിയ യുവതി രക്ഷപ്പെട്ടതിനെ തുടർന്ന് സഹയാത്രികർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ട്രെയിൻ തിരൂർ സ്റ്റേഷനിലെത്തിയപ്പോൾ ആർ.പി.എഫ് ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞു.

എന്നാൽ, പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ ആർ.പി.എഫ് എ.എസ്.ഐ. ശശിയെ (57) തലയ്ക്കടിച്ച് വീഴ്ത്തി. തുടർന്ന് തിരൂർ എസ്.എച്ച്.ഒ. ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ പോലീസെത്തി കടുത്ത മൽപിടുത്തത്തിനൊടുവിലാണ് അക്രമാസക്തനായ പ്രതിയെ കീഴടക്കിയത്. പരുക്കേറ്റ എ.എസ്.ഐ. ശശിയെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് ചെറുവത്തൂർ സ്വദേശിയായ ഇദ്ദേഹത്തിന് 2026-ലെ റെയിൽ സേവാ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പിടിയിലായ റോയൽ രാജുവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Related Articles

- Advertisement -spot_img

Latest Articles