ആലപ്പുഴ: ബി.ജെ.പി ഭരിക്കുന്ന ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. പ്രമേയത്തെ സി.പി.എം അംഗങ്ങൾ പിന്തുണച്ചതോടെയാണ് ബി.ജെ.പി ഭരണസമിതിക്ക് ഭൂരിപക്ഷം നഷ്ടപ്പെടുകയും പ്രസിഡന്റ് പുറത്താവുകയും ചെയ്തത്. ആകെ 19 അംഗങ്ങളുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ ബി.ജെ.പിക്കും കോൺഗ്രസിനും ഏഴ് വീതം അംഗങ്ങളും സി.പി.എമ്മിന് അഞ്ച് അംഗങ്ങളുമാണുള്ളത്. മുൻപ് കക്ഷിനില ഒപ്പത്തിനൊപ്പമായതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ സ്വന്തമാക്കി അധികാരത്തിലേറിയത്. എന്നാൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ എൽ.ഡി.എഫ് പിന്തുണച്ചതോടെ ബി.ജെ.പിയുടെ ഭരണം അവസാനിക്കുകയായിരുന്നു. വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിലും തുടർനടപടികൾ ഉണ്ടാകും.



