ന്യൂഡൽഹി: പാർലമെന്റിൽ മണ്ഡല പുനർനിർണയത്തിനായുള്ള ഭരണഘടനാ ഭേദഗതി ബിൽ വീണ്ടും അവതരിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ച് കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ. ശനിയാഴ്ച രാവിലെ 11.30-ന് ഖാർഗെയുടെ ഡൽഹിയിലെ വസതിയിലാണ് യോഗം ചേരുന്നത്. ഇൻഡ്യ സഖ്യത്തിലെ കക്ഷികൾക്ക് പുറമെ സഖ്യത്തിന് പുറത്തുള്ള ഡി.എം.കെ, എ.എ.പി, ബി.ജെ.ഡി തുടങ്ങിയ പാർട്ടികളുടെ പ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നവംബർ 30-ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനിരിക്കെ, സഖ്യത്തിന് പുറത്തുള്ള പാർട്ടികൾ ഖാർഗെയുടെ ക്ഷണത്തോട് എങ്ങനെ പ്രതികരിക്കുമെന്നതാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.
പാർലമെന്റിന്റെ പ്രത്യേക സമ്മേളനം മണ്ഡല പുനർനിർണയം ലക്ഷ്യമിട്ടുള്ളതാണെന്നും വനിതാ സംവരണവുമായി ഇതിന് കാര്യമായ ബന്ധമില്ലെന്നുമാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. സമ്മർദ്ദങ്ങളിൽ അസ്വസ്ഥനായ പ്രധാനമന്ത്രി നടത്തുന്ന നീക്കത്തെ നിശ്ചയദാർഢ്യത്തോടെ നേരിടുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. അതേസമയം, മണ്ഡല പുനർനിർണയ ഭേദഗതി ബിൽ പാസാക്കിയാൽ രാജ്യത്ത് അവശേഷിക്കുന്ന ജനാധിപത്യത്തിന്റെയും അന്ത്യമായിരിക്കുമെന്ന് രാജ്യസഭാ എം.പിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ മുന്നറിയിപ്പ് നൽകി. കൂറുമാറ്റങ്ങളിലൂടെ ഭൂരിപക്ഷം നേടാനും, അയോഗ്യതാ നടപടി നേരിടുന്ന എം.പിമാരെ വോട്ടെടുപ്പിൽ പങ്കെടുപ്പിക്കാനും ബി.ജെ.പി ശ്രമിക്കുകയാണെന്നും, പ്രാദേശിക പാർട്ടികൾ ഈ ബില്ലിനെ പിന്തുണച്ചാൽ ഭാവിയിൽ രാഷ്ട്രീയമായി ഒറ്റപ്പെടുമെന്നും അദ്ദേഹം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
പ്രത്യേക സമ്മേളനം ചേരാനിരിക്കെ തമിഴ്നാട്ടിലെ രാഷ്ട്രീയ കക്ഷികൾക്കിടയിലും വ്യത്യസ്ത നിലപാടുകളാണ് ഉയരുന്നത്. ലോക്സഭാ സീറ്റുകളിൽ തമിഴ്നാടിന്റെ നിലവിലെ 7.18 ശതമാനം പ്രാതിനിധ്യത്തിൽ യാതൊരു കുറവും വരുത്തരുതെന്നും, 1971-ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള പ്രാതിനിധ്യ അനുപാതം 25 വർഷത്തേക്കുകൂടി മരവിപ്പിക്കണമെന്നും ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. വിഷയം ചർച്ച ചെയ്യാൻ ശനിയാഴ്ച സ്റ്റാലിൻ ഡി.എം.കെ എം.പിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. എന്നാൽ, നിലവിലുള്ള 543 ലോക്സഭാ സീറ്റുകൾ തന്നെ നിലനിർത്തണമെന്നും, അതിനുള്ളിൽ 33 ശതമാനം വനിതാ സംവരണം നടപ്പാക്കണമെന്നുമാണ് മുഖ്യമന്ത്രി വിജയ് നയിക്കുന്ന ടി.വി.കെ സർക്കാരിന്റെ നിലപാട്. മണ്ഡല പുനർനിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുമെന്നും ടി.വി.കെ ചൂണ്ടിക്കാട്ടുന്നു



