തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ അനധ്യാപക തസ്തികകളിലേക്കുള്ള സ്ഥിരനിയമനം കേരള പബ്ലിക് സർവീസ് കമ്മീഷന് (പി.എസ്.സി) വിടാൻ തീരുമാനമായി. സർവകലാശാലയിലെ 36 അനധ്യാപക തസ്തികകളിലേക്കുള്ള നിയമനമാണ് ഇനി പി.എസ്.സി മുഖേന നടത്തുക.
പി.എസ്.സിയുടെ നിലവിലുള്ള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് റാങ്ക് പട്ടികയിൽ നിന്നായിരിക്കും ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുക. പുതിയ തീരുമാനത്തോടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട നിരവധി ഉദ്യോഗാർഥികൾക്ക് നിയമനസാധ്യത തെളിഞ്ഞിരിക്കുകയാണ്.
സർവകലാശാലയിൽ ആകെ 70 അനധ്യാപക തസ്തികകളാണ് ഉള്ളത്. ഇതിൽ 36 തസ്തികകളിലെ സ്ഥിരനിയമനമാണ് പി.എസ്.സിക്ക് വിട്ടുനൽകിയത്. ശേഷിക്കുന്ന തസ്തികകളിലെ നിയമനം നിലവിലുള്ള രീതിയിൽ കരാർ അടിസ്ഥാനത്തിൽ തന്നെ തുടരും.



