റിയാദ്: ലഹരി എന്ന സാമൂഹിക വിപത്തിനെതിരെ ഐ.സി.എഫ് (ICF) ഇന്റർനാഷണൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംഘടിപ്പിക്കുന്ന “LOVE LIFE, NO DRUGS” ക്യാമ്പയിന്റെ ഭാഗമായി ഐ.സി.എഫ് മുസാഹ്മിയ ഡിവിഷൻ ലഹരിവിരുദ്ധ പ്രതിജ്ഞാ സംഗമം സംഘടിപ്പിച്ചു. ലഹരി മാഫിയകൾക്കെതിരെ നടക്കുന്ന “OPERATION TOOFAN – The Narco Hunt” പദ്ധതിക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് സംഗമം സംഘടിപ്പിച്ചത്.
പ്രവാചകൻ മുഹമ്മദ് നബി യുടെ 1501-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി “ഹൃദയത്തിലുണ്ട് എന്റെ നബി” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഗ്രാൻഡ് പ്രകീർത്തന സമ്മേളനത്തോടനുബന്ധിച്ചായിരുന്നു പ്രതിജ്ഞാ ചടങ്ങ്. ലഹരിമുക്തമായ നാളേക്കായും വരുംതലമുറയുടെ സുരക്ഷിത ഭാവിക്കായും മുന്നിട്ടിറങ്ങുമെന്ന് ചടങ്ങിൽ പങ്കെടുത്ത പ്രവാചക സ്‌നേഹികൾ ഒന്നടങ്കം പ്രതിജ്ഞയെടുത്തു.
ഫൈസൽ മുസ്‌ലിയാർ ലഹരിവിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. ലഹരിയുടെ മാരകമായ ദൂഷ്യവശങ്ങളെക്കുറിച്ചും പുതുതലമുറയെ ഇതിൽനിന്ന് സംരക്ഷിക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രവാസി സമൂഹത്തിൽ ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത പുലർത്തണമെന്ന് ചടങ്ങ് ഓർമ്മിപ്പിച്ചു.



