യു.എ.ഇക്കും ജോർദാനും നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: യു.എ.ഇ, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളെ രൂക്ഷമായി അപലപിച്ച് കുവൈത്ത്. ഈ ആക്രമണങ്ങൾ ഇരു രാജ്യങ്ങളുടെയും പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും മേഖലയുടെ വ്യാപ്തി വർദ്ധിപ്പിച്ച് സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയുയർത്തുന്നുണ്ടെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സഹോദര രാജ്യങ്ങളായ യു.എ.ഇക്കും ജോർദാനും പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച കുവൈത്ത്, തങ്ങളുടെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കാൻ ഇരു രാജ്യങ്ങളും സ്വീകരിക്കുന്ന എല്ലാ പ്രതിരോധ നടപടികൾക്കും ഉറച്ച പിന്തുണ വാഗ്ദാനം ചെയ്തു.

ലാർക്ക് ദ്വീപിലെ റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് തിങ്കളാഴ്ച പുലർച്ചെ ജോർദാനിലെ യു.എസ് സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടത്. എന്നാൽ ജോർദാൻ വ്യോമാതിർത്തിയിൽ വെച്ച് തന്നെ ഈ മിസൈലുകളെല്ലാം വിജയകരമായി തടഞ്ഞു നശിപ്പിച്ചതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇതിന് പുറമെ യു.എ.ഇയിലെ അൽ മിൻഹാദ് വ്യോമതാവളത്തിലെ യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടും ഇറാന്റെ ആക്രമണമുണ്ടായി. യു.എ.ഇയുടെ സമുദ്രാതിർത്തിയിൽ എത്തിയ ഡ്രോണിനെതിരെ പ്രതിരോധ നടപടികൾ സ്വീകരിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിക്കുകയും, രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണ സജ്ജമായി തുടരുകയാണെന്ന് അറിയിക്കുകയും ചെയ്തു. യു.എസ്-ഇറാൻ ഭിന്നത വീണ്ടും ആഗോളതലത്തിൽ വൻ സൈനിക സംഘർഷത്തിലേക്ക് വഴിമാറുമോ എന്ന ആശങ്കയിലാണ് ഗൾഫ് മേഖല.

Related Articles

- Advertisement -spot_img

Latest Articles