മുസ്‌ലിം സ്ത്രീ വിഷയത്തിൽ മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പ്; അധികാരപരിധി ലംഘിക്കരുതെന്ന് എസ്‌.കെ.എസ്.എസ്.എഫ്

കോഴിക്കോട്: മുസ്‌ലിം സ്ത്രീകളുടെ മതചിട്ടകളെക്കുറിച്ചുള്ള പണ്ഡിതന്റെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന ഇടപെടലുകൾ അധികാരപരിധി ലംഘിക്കുന്നതാണെന്ന് എസ്‌.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.എം. അഷ്‌റഫ്. മതപരമായ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കിയ പണ്ഡിതന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുന്നതും അതിൽ സംവാദത്തിന് തയ്യാറാണെന്ന് പ്രഖ്യാപിക്കുന്നതും അതിരുകടന്ന നടപടിയാണെന്ന് അദ്ദേഹം വിമർശിച്ചു.

മുഖ്യമന്ത്രിക്കസേരയിലിരിക്കുന്നത് മതകാര്യങ്ങളിൽ സംവാദം നടത്താനല്ലെന്നും ഭരണഘടന സംരക്ഷിക്കാനാണെന്നും ഓർമ്മിപ്പിച്ച ഒ.പി.എം. അഷ്‌റഫ്, മതഗ്രന്ഥങ്ങളുടെ ശരിതെറ്റുകൾ നിർണ്ണയിക്കുന്നത് സർക്കാർ തലവന്റെ ചുമതലയല്ലെന്ന് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ശബരിമല വിഷയത്തിൽ ഒരു നിലപാടും മുസ്‌ലിം സ്ത്രീകളുടെ വിഷയത്തിൽ വേറൊരു നിലപാടും സ്വീകരിക്കുന്നത് സർക്കാറിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്.

രാഷ്ട്രീയ ലാഭത്തിനായി മതവിശ്വാസങ്ങളെ ഉപയോഗിക്കരുതെന്നും ഇത്തരത്തിലുള്ള വിമർശനങ്ങൾ സമൂഹത്തിൽ ഇസ്‌ലാമോഫോബിയ വളർത്താൻ മാത്രമേ ഇടയാക്കൂവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിനൊപ്പം തന്നെ മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യവും മാന്യതയും നിലനിർത്തപ്പെടണമെന്നും എസ്‌.കെ.എസ്.എസ്.എഫ് നേതാവ് ആവശ്യപ്പെട്ടു.

Related Articles

- Advertisement -spot_img

Latest Articles