ന്യൂഡൽഹി: ഡൽഹിയിലും മഹാരാഷ്ട്രയിലും സമഗ്ര വോട്ടർപട്ടിക പുതുക്കലിന് (SIR) ശേഷം ദശലക്ഷക്കണക്കിന് വോട്ടർമാർ പുറത്തായ സംഭവത്തിൽ കേന്ദ്ര സർക്കാരിനേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷനെ ‘വോട്ടുചോരി ആയോഗ്’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, എന്തുവിലകൊടുത്തും ബി.ജെ.പിയുടെ വിജയം ഉറപ്പാക്കാനായി അവർ തന്ത്രങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് എക്സിൽ കുറിച്ചു. വോട്ട് തിരിമറിയിലൂടെ അധികാരത്തിലെത്തുന്ന സർക്കാരുകൾക്ക് ജനം പുല്ലുവില നൽകില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
മഹാരാഷ്ട്രയിൽ എസ്.ഐ.ആർ പ്രക്രിയയ്ക്ക് ശേഷം 2.06 കോടി പേരാണ് കരട് വോട്ടർപട്ടികയിൽ നിന്ന് പുറത്തായത്. നിലവിലെ വിവരമനുസരിച്ച് സംസ്ഥാനത്ത് 7.71 കോടി വോട്ടർമാരാണുള്ളത്. ഇതിൽ മേൽവിലാസത്തിൽ കണ്ടെത്താനാകാത്തവർ, മരണപ്പെട്ടവർ, താമസം മാറിയവർ, ഇരട്ട എൻട്രിയുള്ളവർ തുടങ്ങിയവരാണ് ഒഴിവാക്കപ്പെട്ടത്. അതേസമയം ഡൽഹിയിൽ ആകെ വോട്ടർമാരുടെ മൂന്നിലൊന്നായ 47.56 ലക്ഷം പേരാണ് കരട് പട്ടികയിൽ നിന്ന് പുറത്തായത്. ഇതിൽ കൂടുതലും ന്യൂനപക്ഷ, പട്ടികജാതി (SC) മേഖലകളിൽ നിന്നാണെന്ന കണക്കുകൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഓഖ്ല (45%), ചാന്ദ്നി ചൗക്ക് (38%), കരോൾബാഗ് (40%), അംബേദ്കർ നഗർ (39%) തുടങ്ങിയ മണ്ഡലങ്ങളിലാണ് ഉയർന്ന തോതിൽ ഒഴിവാക്കൽ നടന്നത്. ഡൽഹിയിലെ മൂന്നിലൊന്ന് ജനങ്ങളും ബംഗ്ലാദേശികളാണെന്ന മട്ടിലാണ് ബി.ജെ.പി സർക്കാർ പെരുമാറുന്നതെന്നും പാവപ്പെട്ടവരുടെ അവകാശങ്ങൾ കവർന്നെടുക്കുകയാണെന്നും ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജും കുറ്റപ്പെടുത്തി.



