ഇസ്താംബൂൾ: സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾ ഒപ്പുവെച്ച ചരിത്രപ്രസിദ്ധമായ ‘മക്ക സംയുക്ത പ്രതിരോധ കരാറിൻ്റെ’ ഭാഗമായി രൂപീകരിച്ച സ്ട്രാറ്റജിക് പൊളിറ്റിക്കൽ ആന്റ് ഡിഫൻസ് കമ്മിറ്റിയുടെ ആദ്യ ഉന്നതതല യോഗം തിങ്കളാഴ്ച ഇസ്താംബൂളിൽ നടക്കും. മൂന്ന് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ, പ്രതിരോധ മന്ത്രിമാർ, സൈനിക മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്ന് തുർക്കി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഈ മാസം ആദ്യവാരം മക്കയിൽ വെച്ച് ഒപ്പുവെച്ച പ്രതിരോധ കരാറിന് പ്രായോഗിക രൂപം നൽകുന്നതിനും പ്രതിരോധ സഹകരണം നടപ്പിലാക്കുന്നതിനുമുള്ള തന്ത്രപ്രധാനമായ മാർഗ്ഗനിർദ്ദേശങ്ങൾ യോഗം ചർച്ച ചെയ്യും.
അന്താരാഷ്ട്ര ഭൗമരാഷ്ട്രീയ സുരക്ഷാ വെല്ലുവിളികൾ വിലയിരുത്തുക, മൂന്ന് രാജ്യങ്ങളുടെയും സായുധ സേനകൾ തമ്മിലുള്ള പരസ്പര ഏകോപനം വർദ്ധിപ്പിക്കുക, സംയുക്ത പ്രതിരോധ ശേഷി ശക്തിപ്പെടുത്തുക എന്നിവയാണ് യോഗത്തിന്റെ പ്രധാന അജണ്ടകൾ. പ്രതിരോധ വ്യവസായ മേഖലയിലെ സഹകരണം വിപുലമാക്കുന്നതിനും, ആയുധങ്ങളുടെ സംയുക്ത ഉൽപ്പാദനം, ഗവേഷണ-വികസന പ്രവർത്തനങ്ങൾ (R&D), ഭീകരവിരുദ്ധ പോരാട്ടങ്ങളിൽ കൈകോർക്കൽ എന്നിവ സംബന്ധിച്ചും ചർച്ചകൾ നടക്കും. കൂടാതെ, ധാരണയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഒരു സ്ഥിരം സെക്രട്ടറിയേറ്റും തുടർന്നുള്ള പ്രവർത്തനങ്ങൾക്കുള്ള വിശദമായ റോഡ്‌മാപ്പും യോഗത്തിൽ തയാറാക്കും.
ഓഗസ്റ്റ് 7-നാണ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, തുർക്കി പ്രസിഡന്റ് റെജപ് തയ്യിപ് എർദോഗൻ, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവർ ചേർന്ന് മക്കയിൽ വെച്ച് സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്. പങ്കാളിത്ത രാജ്യങ്ങളിൽ ഏതെങ്കിലും ഒരു രാജ്യത്തിന് നേർക്കുണ്ടാകുന്ന സൈനിക ആക്രമണത്തെ മൂന്ന് രാജ്യങ്ങൾക്കും നേർക്കുള്ള ആക്രമണമായി കണക്കാക്കി സംയുക്തമായി പ്രതിരോധിക്കും എന്നതാണ് ഈ കരാറിന്റെ പ്രധാന തത്വം. മേഖലയിൽ സമാധാനവും സുസ്ഥിരതയും കൈവരിക്കാൻ ആഗ്രഹിക്കുന്ന മറ്റു രാജ്യങ്ങൾക്കും ഭാവിയിൽ ഈ കരാറിന്റെ ഭാഗമാകാം.



