യുവതിയെ അക്രമിച്ച് പരിക്കേൽപ്പിച്ചു: പ്രതി 50,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അൽ ഐൻ കോടതി

അൽ ഐൻ: യുവതിയെ അക്രമിച്ച് കഠിനമായ ശാരീരിക പരിക്കുകളും മാനസിക പ്രയാസങ്ങളും ഉണ്ടാക്കിയ സംഭവത്തിൽ പ്രതി ഇരയ്ക്ക് 50,000 ദിർഹം (ഏകദേശം 11.4 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകണമെന്ന് അൽ ഐൻ സിവിൽ, കൊമേഴ്‌സ്യൽ, അഡ്മിനിസ്ട്രേറ്റീവ് കോടതി ഉത്തരവിട്ടു. കോടതി ചെലവുകളും ഫീസുകളും ഉൾപ്പെടെ 100,000 ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ആക്രമണത്തിനിരയായ സ്ത്രീ കോടതിയെ സമീപിച്ചിരുന്നത്. പ്രതി നടത്തിയ അക്രമത്തിൽ മൂക്കിലെ അസ്ഥിക്ക് ഒടിവും കനത്ത രക്തസ്രാവവും സംഭവിക്കുകയും, ഇതേത്തുടർന്ന് 20 ദിവസത്തോളം ദൈനംദിന കാര്യങ്ങൾ ചെയ്യാൻ സാധിക്കാത്ത വിധം ഇരയ്ക്ക് പരിക്കേൽക്കുകയും ചെയ്തതായി മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ സംഭവത്തിൽ പ്രതിക്കെതിരെ നേരത്തെ ക്രിമിനൽ കേസിൽ കുറ്റം തെളിയുകയും ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

മറ്റൊരാൾക്ക് ഉപദ്രവമുണ്ടാക്കുന്ന ഏത് വ്യക്തിയും അതിലൂടെ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ നിയമപരമായി ബാധ്യസ്ഥനാണെന്ന് യു.എ.ഇ സിവിൽ ട്രാൻസാക്ഷൻസ് നിയമം ഉദ്ധരിച്ച് കോടതി വ്യക്തമാക്കി. ക്രിമിനൽ കോടതിയുടെ വിധിയിൽ പ്രതിയുടെ കുറ്റം കൃത്യമായി തെളിയിക്കപ്പെട്ടിട്ടുള്ളതിനാൽ സിവിൽ കോടതിയിലും ഇതിന്റെ ഉത്തരവാദിത്തം പ്രതിക്ക് തന്നെയാണ്. അക്രമം മൂലം ഇരയ്ക്കുണ്ടായ കടുത്ത ശാരീരിക അസ്വസ്ഥതകളും മാനസിക പ്രയാസങ്ങളും, പ്രതിയുടെ പ്രവൃത്തിയും സ്ത്രീക്കുണ്ടായ പരിക്കുകളും തമ്മിലുള്ള നേരിട്ടുള്ള കാര്യകാരണബന്ധവും പരിഗണിച്ചാണ് കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്. ഇരയ്ക്ക് 50,000 ദിർഹം നഷ്ടപരിഹാരം വിധിച്ച കോടതി ഹരജിയിലെ മറ്റ് അധിക അവകാശവാദങ്ങൾ തള്ളുകയും, കേസിന്റെ നിയമപരമായ നടപടിക്രമങ്ങളുടെ മുഴുവൻ ചെലവുകളും പ്രതി തന്നെ വഹിക്കണമെന്ന് ഉത്തരവിടുകയും ചെയ്തു.

Related Articles

- Advertisement -spot_img

Latest Articles