റിയാദിൽ മലയാളി ടാക്സി ഡ്രൈവർക്ക് ബംഗ്ളദേശി സംഘത്തിൻറെ ക്രൂരമർദ്ദനം; പണവും വാഹനവും കവർന്നു

റിയാദ്: തലസ്ഥാന നഗരിയായ റിയാദിലെ ബത്‌ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന വാഹനം വിളിച്ചുകൊണ്ടുപോയി മലയാളി ടാക്സി ഡ്രൈവറെ മാരകമായി മർദ്ദിച്ച് പണവും വാഹനവും കവർന്നു. കായംകുളം സ്വദേശിയായ ഷെമീറിനാണ് (53) കവർച്ചാ സംഘത്തിന്റെ ക്രൂരമായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ശരീരമാസകലം പരിക്കേറ്റ ഇദ്ദേഹം നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ ചികിത്സയിലാണ്.

ബത്‌ഹയിൽ വെച്ച് ടാക്സിയിൽ കയറിയ നാല് ബംഗ്ലാദേശ് പൗരന്മാരടങ്ങുന്ന സംഘം ഷെമീറിനെ എക്സിറ്റ് 18-ന് സമീപമുള്ള വിജനമായ പ്രദേശത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഇയാളെ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ ശേഷം പണവും വാഹനവും കവർന്ന് റോഡരികിൽ തള്ളി സംഘം കടന്നുകളഞ്ഞു. റോഡരികിൽ ഗുരുതരാവസ്ഥയിൽ കിടന്ന ഇയാളെ പിന്നീട് സൗദി പോലീസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മർദ്ദനത്തിൽ ഷെമീറിന്റെ തലയ്ക്കും താടിയെല്ലിനും കാലിനും ആഴത്തിൽ പരിക്കേറ്റിട്ടുണ്ട്. കവർച്ച ചെയ്യപ്പെട്ട വാഹനം പിന്നീട് ബത്‌ഹയിൽ നിന്ന് കണ്ടെത്തിയെങ്കിലും നാല് ടയറുകളും ബാറ്ററിയും അഴിച്ചെടുത്ത നിലയിലായിരുന്നു.

ആശുപത്രിയിൽ കഴിയുന്ന ഷെമീറിനെ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് റീജ്യൻ വെൽഫെയർ വിഭാഗം ഭാരവാഹികളായ നിസാർ അഞ്ചൽ, മുബഷിർ സഖാഫി, ഹനീഫ മാസ്റ്റർ, സാബു സിദ്ദീഖ് എന്നിവർ സന്ദർശിക്കുകയും ചികിത്സാ-നിയമ സഹായങ്ങൾ ഉറപ്പുനൽകുകയും ചെയ്തു. സ്‌പോൺസറുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കി ഇദ്ദേഹത്തെ തുടർചികിത്സയ്ക്കായി നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഷെമീറിനായുള്ള സൗജന്യ വിമാന ടിക്കറ്റ് ഐ.സി.എഫ് റിയാദ് റീജ്യൻ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംഭവത്തിൽ പ്രതികൾക്കായി സൗദി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles