സൗദിയിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ചില പ്രദേശങ്ങളിൽ താപനില 48 ഡിഗ്രി വരെ ഉയർന്നേക്കും

ജിദ്ദ: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച ഇടിയോടുകൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. അതേസമയം, രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിൽ ഉയർന്ന ചൂടും അനുഭവപ്പെടും. ജാസാൻ, അസീർ, അൽ-ബാഹ, മക്ക എന്നീ പ്രദേശങ്ങളിലാണ് പ്രളയത്തിന് സാധ്യതയുള്ള കനത്ത മഴയും പൊടിക്കാറ്റും പ്രവചിച്ചിട്ടുള്ളത്. നജ്‌റാൻ, റിയാദ്, ഖസീം, മദീന, വടക്കുകിഴക്കൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലും ഇടിമിന്നലോടുകൂടിയ മഴ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്.

കിഴക്കൻ പ്രവിശ്യയിലെ അന്തരീക്ഷം ഉഷ്ണ തരംഗസമാനമായി തുടരും. രാജ്യത്ത് ഏറ്റവും ഉയർന്ന താപനില ദമാമിലാണ് പ്രവചിച്ചിരിക്കുന്നത് (48°C). റിയാദിൽ 46°C, മദീന, ബുറൈദ എന്നിവിടങ്ങളിൽ 45°C, മക്കയിൽ 44°C എന്നിങ്ങനെയാണ് താപനില നിലനിൽക്കുക. നജ്‌റാൻ (40°C), ഹാഇൽ (39°C), ജിദ്ദ, ജിസാൻ (38°C), തബൂക്ക് (37°C), അറാർ (36°C), സകാക്ക (35°C), അൽ-ബാഹ (31°C), അബഹ (29°C) എന്നിങ്ങനെയാണ് മറ്റ് പ്രധാന നഗരങ്ങളിലെ താപനില പ്രവചനം.

മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷവും കാറ്റും അനുഭവപ്പെടും. ജിദ്ദയിലും അബഹയിലും ആർദ്രത (Humidity) 80 ശതമാനം വരെ ഉയർന്നേക്കും. അബഹ, അൽ-ബാഹ, ജിസാൻ എന്നിവിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്.

Related Articles

- Advertisement -spot_img

Latest Articles