കോഴിക്കോട്: സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നതിനെതിരെ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുന്നതിനിടെ, പ്രവർത്തകരോട് പൂർണ്ണ സംയമനം പാലിക്കാൻ അഭ്യർത്ഥിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആത്മീയ ചർച്ചകളെ വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നവരുടെ നിക്ഷിപ്ത താല്പര്യങ്ങൾ തിരിച്ചറിയണമെന്നും സമൂഹത്തിൽ ഭിന്നത വളർത്താനുള്ള ഇത്തരം ശ്രമങ്ങളെ തികഞ്ഞ ജാഗ്രതയോടെ സമീപിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
പ്രവർത്തകർ യാതൊരുവിധ പ്രകോപനങ്ങൾക്കും വശംവദരാകാൻ പാടില്ലെന്ന് കാന്തപുരം എടുത്തുപറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ വൈകാരികമായി പ്രതികരിക്കാതെ തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും മാത്രമേ ഇടപെടാവൂ. നാളിതുവരെ ഏതു തിന്മകളെയും നന്മകൊണ്ടു മാത്രം എതിരിട്ട സംസ്കാരമാണ് പാരമ്പര്യ സുന്നി വിശ്വാസികളുടേത്. അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ അച്ചടക്കത്തോടും സംയമനത്തോടും കൂടി മുന്നോട്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംവാദങ്ങൾ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനുള്ള ആരോഗ്യകരമായ വേദികളാകണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഇസ്ലാമിക ആഘോഷങ്ങളിൽ സ്ത്രീകളെ പൊതുയിടങ്ങളിൽ പ്രദർശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മഹല്ല് കമ്മിറ്റികൾക്ക് നൽകിയ സർക്കുലറും, തുടർന്ന് കൊച്ചിയിലെ സംഘടനാ പരിപാടിയിൽ സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നുമുള്ള പ്രസ്താവനയുമാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. സ്ത്രീകളെ രംഗത്തിറക്കിയാൽ വലിയ നാശമാണെന്നും അതിനാലാണ് ഇസ്ലാം പർദ്ദ സമ്പ്രദായം നിശ്ചയിച്ചതെന്നും വിശുദ്ധ ഖുർആൻ അതാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, താൻ സ്ത്രീകൾക്ക് രണ്ടാംസ്ഥാനം നൽകി എന്ന പ്രചാരണം ശരിയല്ലെന്നും സ്ത്രീകളെ കുഴിച്ചുമൂടണമെന്ന നിലപാടുള്ളവരല്ല തങ്ങളെന്നും തൃശ്ശൂരിൽ വെച്ച് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഇതിന് തൊട്ടുപിന്നാലെയാണ് പ്രവർത്തകർക്ക് നിർദ്ദേശവുമായി അദ്ദേഹം രംഗത്തെത്തിയത്.



