ന്യൂഡൽഹി: ജന്തർമന്തറിൽ നടന്ന പ്രതിഷേധ സമരത്തിനിടെ ദലിത് ആക്ടിവിസ്റ്റിന്റെ പിതാവിന് നേരെ അക്രമം അഴിച്ചുവിട്ട സംഭവത്തിൽ വിവാദ ഹിന്ദുത്വ ഇൻഫ്ലുവൻസർ സ്വതന്ത്ര ഭരദ്വാജിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ ശക്തമായ ഉപരോധ സമരത്തിന് ഒടുവിലാണ് പോലീസിന്റെ നടപടി.
ജന്തർമന്തറിലെ സമരത്തിനിടെ ദലിത് ആക്ടിവിസ്റ്റിന്റെ പിതാവിനെ ക്രൂരമായി മർദ്ദിച്ചെന്ന് പരസ്യമായി പ്രസ്താവിക്കുകയും, ബി.ജെ.പി നേതാക്കളുടെ സ്വാധീനം മൂലം ജയിലിൽ പോകാതെ രക്ഷപ്പെട്ടെന്ന് അവകാശപ്പെടുകയും ചെയ്ത ഭരദ്വാജിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു സി.ജെ.പി സമരം. അക്രമം നടത്തിയതായി പ്രതി പരസ്യമായി കുറ്റസമ്മതം നടത്തിയിട്ടും അറസ്റ്റ് ചെയ്യാൻ മടിച്ച ഡൽഹി പോലീസിന്റെ നടപടിക്കെതിരെ സി.ജെ.പി പ്രവർത്തകരും നേതാക്കളും പോലീസ് സ്റ്റേഷൻ വളയുകയായിരുന്നു.
തുടർന്ന് രാവിലെ 10 മണി മുതൽ സി.ജെ.പി നേതാക്കളുമായി പോലീസ് ചർച്ച നടത്തി. 72 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടുമെന്ന് പോലീസ് ഉറപ്പുനൽകിയതോടെയാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ച് പ്രവർത്തകർ പിരിഞ്ഞുപോയത്. വൈകീട്ടോടെ നടപടികളിൽ പുരോഗതിയില്ലാത്ത പക്ഷം വീണ്ടും സമരവേദിയിലേക്ക് തിരികെയെത്തുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സി.ജെ.പി മുന്നോട്ടുവെച്ച ആവശ്യങ്ങളും ശക്തമായ പ്രതിഷേധവും കണക്കിലെടുത്ത് പോലീസ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയായ സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.



