കോഴിക്കോട്: മുസ്ലിം സ്ത്രീകളുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പരാമർശങ്ങളോട് ഞങ്ങൾക്ക് വിയോജിപ്പുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. അഭിപ്രായവ്യത്യാസങ്ങളും സംവാദങ്ങളും വാദപ്രതിവാദങ്ങളും ഉണ്ടാകുന്നത് ഔന്നിത്യമുള്ള ഒരു സമൂഹത്തിന്റെ അടയാളമാണെന്നും എന്നാൽ ഇപ്പോൾ നടക്കുന്ന കാടുകയറിയ ചർച്ചകൾക്ക് പിന്നിൽ ഇസ്ലാമോഫോബിയ സൃഷ്ടിച്ച് ഇസ്ലാമിനെ പൈശാചികവത്കരിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും അദ്ദേഹം തുറന്നടിച്ചു.
സ്വന്തം വസ്ത്രധാരണ രീതിയും ഇസ്ലാമിക ഐഡന്റിറ്റിയും മുറുകെപ്പിടിച്ചുകൊണ്ടുതന്നെ ദേശീയ-അന്തർദേശീയ യൂണിവേഴ്സിറ്റികളിലും തൊഴിലിടങ്ങളിലും ഭരണനിർവഹണ രംഗത്തും മികവ് തെളിയിക്കുന്ന മുസ്ലിം പെൺകുട്ടികളാണ് കേരളത്തിന്റെ യഥാർത്ഥ പ്രതിഫലനം. ഇത്തരം മുന്നേറ്റങ്ങൾക്ക് പ്രചോദനമായത് ലിബറൽ ആശയങ്ങളല്ല, മറിച്ച് 14 നൂറ്റാണ്ട് മുമ്പ് സ്ത്രീയുടെ മഹത്വം ഉയർത്തിപ്പിടിച്ച പ്രവാചകചര്യയും ഖദീജ ബീവി, ആയിഷ ബീവി, ഉമ്മു അമ്മാറ തുടങ്ങിയ ചരിത്ര വ്യക്തിത്വങ്ങളുടെ മാതൃകകളുമാണ്. ഇതാണ് സമുദായത്തിനകത്തെ പരിഷ്കരണ പ്രസ്ഥാനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിയതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സമുദായത്തിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ മുന്നേറ്റങ്ങളെ മറച്ചുവെച്ചുകൊണ്ട്, ഇസ്ലാമിലെ വസ്ത്രധാരണത്തെക്കുറിച്ചും പർദയെക്കുറിച്ചും തെറ്റായ ചിത്രം പ്രചരിപ്പിക്കുന്നതാണ് ഇപ്പോൾ കാണുന്നത്. മാത്രമല്ല, ഇതിന്റെ മറവിൽ സമുദായത്തിലെ വ്യക്തിഗത കുറ്റകൃത്യങ്ങളെയും ലഹരി ഉപയോഗങ്ങളെയും മതപ്രമാണങ്ങളുമായി കൂട്ടിക്കെട്ടി കാടുകയറി ചർച്ച നടത്തുന്നത് ഇസ്ലാമോഫോബിയ വളർത്താനുള്ള അജണ്ടയുടെ ഭാഗമാണെന്നും പി. മുജീബുറഹ്മാൻ കൂട്ടിച്ചേർത്തു.



