ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിന്റെ നിയന്ത്രണം ആകാശത്തുവെച്ച് ഭാഗികമായി നഷ്ടമാവുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ മുഖ്യ പൈലറ്റ് ലഹരിമരുന്ന് (സൈക്കോആക്ടീവ് സബ്സ്റ്റൻസ്) ഉപയോഗിച്ചതായി സ്ഥിരീകരിച്ചു. കേസിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) സമർപ്പിച്ച പ്രാധമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൈലറ്റിന്റെ സേവനം എയർ ഇന്ത്യ അവസാനിപ്പിച്ചു.
ആഗസ്റ്റ് നാലിലായിരുന്നു സംഭവം. 36,000 അടി ഉയരത്തിൽ പറന്നുകൊണ്ടിരുന്ന എയർബസ് A320 വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സിസ്റ്റങ്ങളിലും പെട്ടെന്ന് പ്രഷർ കുറയുകയും ഓട്ടോപൈലറ്റ് സംവിധാനം വിച്ഛേദിക്കപ്പെടുകയുമായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടമായ വിമാനം പെട്ടെന്ന് 372 അടി ഉയരത്തിലേക്ക് ഉയരുകയും തൊട്ടുപിന്നാലെ 292 അടി താഴേക്ക് പതിക്കുകയും ചെയ്തു. നൊടികൾക്കകം ഹൈഡ്രോളിക് സിസ്റ്റം സ്വയം പ്രവർത്തനക്ഷമമായതിനാലാണ് വൻ വിമാന ദുരന്തം ഒഴിവായത്.
അപകടസമയത്ത് സീറ്റ് ബെൽറ്റ് സൈൻ ഓഫായിരുന്നതിനാൽ വിമാനം ഉലഞ്ഞപ്പോൾ യാത്രക്കാരും ജീവനക്കാരും മുകളിലേക്ക് തെറിച്ചുവീണു. ഇതിൽ വിമാനത്തിന്റെ സീലിംഗ് പാനലുകളും ലഗേജ് ബോക്സുകളും തകരുകയും 20 യാത്രക്കാർക്കും 4 ക്യാബിൻ ക്രൂ അംഗങ്ങൾക്കും പരിക്കേൽക്കുകയും ചെയ്തു. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ ശേഷം പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ഗുരുതരമായി പരിക്കേറ്റ നാല് പേർ ചികിത്സയിൽ തുടരുകയാണ്.
വിമാനമിറങ്ങിയ ഉടൻ നടത്തിയ ബ്രെത്ത് അനലൈസർ പരിശോധനയിൽ കുഴപ്പമില്ലായിരുന്നെങ്കിലും മുഖ്യ പൈലറ്റിന്റെ പ്രാരംഭ ലഹരിപരിശോധനാ ഫലം പോസിറ്റീവായിരുന്നു. തുടർന്ന് നടത്തിയ രക്തപരിശോധനയിലാണ് ഇയാൾ സൈക്കോആക്ടീവ് സബ്സ്റ്റൻസ് ഉപയോഗിച്ചതായി അന്തിമമായി തെളിഞ്ഞത്. കൂടെയുണ്ടായിരുന്ന കോ-പൈലറ്റിന്റെ ഫലം നെഗറ്റീവാണ്. പൈലറ്റിന്റെ ലഹരി ഉപയോഗം അതീവ ഗൗരവമുള്ള കാര്യമാണെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ശക്തമായ മുൻകരുതലുകൾ ഉറപ്പാക്കണമെന്നും AAIB നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ വിമാനത്തിന്റെ മെക്കാനിക്കൽ തകരാറുകളെക്കുറിച്ചും സാങ്കേതിക വശങ്ങളെക്കുറിച്ചുമുള്ള വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.



