ടാറ്റാ ഗ്രൂപ്പിൽ അധികാര തർക്കം മുറുകുന്നു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് ഗ്രൂപ്പുകളിലൊന്നായ ടാറ്റയ്ക്കുള്ളിൽ മാതൃസ്ഥാപനമായ ടാറ്റാ ട്രസ്റ്റ്‌സും ഹോൾഡിംഗ് കമ്പനിയായ ടാറ്റാ സൺസും തമ്മിൽ വലിയ അഭിപ്രായവ്യത്യാസങ്ങളും അധികാര തർക്കങ്ങളും രൂപപ്പെട്ടതായി വാർത്ത.

ടാറ്റാ സൺസ് ചെയർമാനായി എൻ. ചന്ദ്രശേഖരന്റെ കാലാവധി നീട്ടിക്കൊണ്ടുള്ള ബോർഡ് തീരുമാനത്തിനെതിരെ നോയൽ ടാറ്റയുടെ നേതൃത്വത്തിലുള്ള ടാറ്റാ ട്രസ്റ്റ്‌സ് ഔദ്യോഗികമായി രംഗത്തുവന്നതോടെയാണ് പ്രതിസന്ധി പുറത്തറിയുന്നത്. ചന്ദ്രശേഖരന്റെ പുനർനിയമനം നിയമവിരുദ്ധമാണെന്നാണ് ടാറ്റാ ട്രസ്റ്റ്‌സിന്റെ നിലപാട്.

ടാറ്റാ സൺസ് ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ പ്രകാരം ചെയർമാന്റെ പുനർനിയമനത്തിന് ടാറ്റാ ട്രസ്റ്റ്‌സ് നാമനിർദ്ദേശം ചെയ്ത ഡയറക്ടർമാരുടെ ഭൂരിപക്ഷ പിന്തുണ ആവശ്യമാണ്. നോയൽ ടാറ്റ ഉൾപ്പെടെയുള്ളവർ നാമനിർദ്ദേശത്തെ എതിർത്ത് വോട്ട് ചെയ്യുകയായിരുന്നു.

ടാറ്റാ ഗ്രൂപ്പിന്റെ ഘടനയിൽ ടാറ്റാ ട്രസ്റ്റ്‌സും ടാറ്റാ സൺസും തികച്ചും വ്യത്യസ്തമായ രണ്ട് പ്രധാന ഘടകങ്ങളാണ്. ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥാവകാശമുള്ള കമ്പനികളിൽ ഭൂരിഭാഗം ഓഹരികളും കൈവശം വച്ചിരിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റുകളുടെ കൂട്ടായ്മയാണ് ടാറ്റാ ട്രസ്റ്റ്‌സ്. സർ ദോറാബ്ജി ടാറ്റ ട്രസ്റ്റ്, സർ രത്തൻ ടാറ്റ ട്രസ്റ്റ് തുടങ്ങിയവ ഉൾപ്പെടുന്ന ട്രസ്റ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹിക ക്ഷേമ പദ്ധതികൾക്കും മുൻഗണന നൽകുന്നതിനൊപ്പം ഗ്രൂപ്പിന്റെ മൂല്യങ്ങളും പാരമ്പര്യവും സംരക്ഷിക്കുന്ന പരമോന്നത സമിതിയായും പ്രവർത്തിക്കുന്നു.

അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ വിയോഗത്തിന് ശേഷം അദ്ദേഹത്തിന്റെ അർദ്ധ സഹോദരനായ നോയൽ ടാറ്റയാണ് നിലവിൽ ടാറ്റാ ട്രസ്റ്റ്‌സിന്റെ ചെയർമാൻ.
ടാറ്റാ കൺസൾട്ടൻസി സർവീസസ് (TCS), ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീൽ തുടങ്ങിയ നൂറിലധികം കമ്പനികളുടെ പ്രധാന ഹോൾഡിംഗ് കമ്പനിയാണ് ടാറ്റാ സൺസ്. ഗ്രൂപ്പിന്റെ ബിസിനസ്സ് കാര്യങ്ങളും നിക്ഷേപങ്ങളും തന്ത്രപരമായ തീരുമാനങ്ങളും കൈക്കൊള്ളുന്ന ടാറ്റാ സൺസിന്റെ ചെയർമാൻ എൻ. ചന്ദ്രശേഖരനാണ്.

ദീർഘകാലം ടാറ്റാ ഗ്രൂപ്പിന്റെയും ടാറ്റാ സൺസിന്റെയും തലപ്പത്തിരുന്ന രത്തൻ ടാറ്റ, ടാറ്റാ ട്രസ്റ്റ്‌സിന്റെയും അധ്യക്ഷനായിരുന്നു.
അത്കൊണ്ട് ഇരു സ്ഥാപനങ്ങളും തമ്മിൽ മികച്ച ഏകോപനം ഉറപ്പാക്കിയിരുന്നു. എന്നാൽ രത്തൻ ടാറ്റയുടെ വിയോഗത്തിനു ശേഷം നിലവിലെ നേതൃത്വത്തിന് കീഴിൽ ഇരു സ്ഥാപനങ്ങളും തമ്മിലുണ്ടായിരിക്കുന്ന തുറന്ന പോരാട്ടം വ്യവസായ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

Related Articles

- Advertisement -spot_img

Latest Articles