കൽപറ്റ: അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആന്റോ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പ്രഖ്യാപിക്കും. വയനാട് വാഴവറ്റയിലെ വസതിയിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് വലിയ അളവിൽ മദ്യശേഖരം പിടിച്ചെടുത്തത്. ഇതിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്ന് എക്സൈസ് വകുപ്പ് ഔദ്യോഗികമായി വ്യക്തമാക്കുന്നു.
കൊച്ചിയിലെ ഓഫീസിലെത്തി എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ബൈജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് രാത്രി ഏഴരയോടെ കൽപറ്റ കോടതിയിൽ ഹാജരാക്കിയ ശേഷമാണ് അദ്ദേഹത്തെ റിമാൻഡ് ചെയ്ത് ജയിലിലടച്ചത്. മുട്ടിൽ മരംമുറി കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ നേരത്തെയും അന്വേഷണം നേരിട്ടിട്ടുള്ള വ്യക്തിയാണ് ആന്റോ അഗസ്റ്റിൻ.



