ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ മുൻ ജെ.എൻ.യു വിദ്യാർത്ഥിയും സാമൂഹിക പ്രവർത്തകനുമായ ഉമർ ഖാലിദിനെ അനാവശ്യമായി വർഷങ്ങളോളം ജയിലിലടച്ചിരിക്കുന്നതിനെതിരെ താൻ നടത്തിയ പ്രസ്താവനയിൽ പൂർണ്ണമായും ഉറച്ചുനിൽക്കുന്നതായി മുതിർന്ന കോൺഗ്രസ് നേതാവും കർണാടക എം.എൽ.സിയുമായ ബി.കെ. ഹരിപ്രസാദ്. രാജ്യത്ത് ഭരണഘടനാ തത്വങ്ങളും വ്യക്തിസ്വാതന്ത്ര്യവും കാറ്റിൽപ്പറത്തിക്കൊണ്ട് കേന്ദ്ര സർക്കാർ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കുകയാണെന്ന് അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
വിചാരണകൂടാതെ വർഷങ്ങളോളം പൗരന്മാരെ തടവിലാക്കുന്നത് ജനാധിപത്യത്തിനും നിഷ്പക്ഷ നീതിന്യായ വ്യവസ്ഥയ്ക്കും ചേർന്നതല്ലെന്ന് ഹരിപ്രസാദ് ചൂണ്ടിക്കാട്ടി. ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ഉമർ ഖാലിദിന്റെ വിഷയത്തിൽ താൻ ഉയർത്തിയ ചോദ്യങ്ങൾ രാഷ്ട്രീയ ലാഭത്തിനല്ലെന്നും മറിച്ച് രാജ്യത്തെ ജനങ്ങളുടെ പൗരാവകാശ സംരക്ഷണത്തിനും നീതി ഉറപ്പാക്കാനും വേണ്ടിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിമർശനങ്ങൾ ഉന്നയിക്കുന്നവരുടെ ശബ്ദങ്ങളെ നിയമങ്ങൾ ദുരുപയോഗം ചെയ്ത് അടിച്ചമർത്താനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും, ഉമർ ഖാലിദ് ഉൾപ്പെടെയുള്ള വിചാരണത്തടവുകാർക്ക് നീതി ലഭിക്കുന്നതുവരെ സത്യസന്ധമായ നിലപാടുകളിൽ നിന്നും പിന്നോട്ടില്ലെന്നും ബി.കെ. ഹരിപ്രസാദ് ആവർത്തിച്ചു



