അറേബ്യൻ കടലിൽ നിന്നും ശത്രുസേനയെ ഉടൻ തുരത്തുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്‌തബ ഖാംനഈ

ടെഹ്റാൻ: ഇറാന്റെ തെക്കൻ കടൽത്തീരങ്ങളിൽ നിന്നും പേർഷ്യൻ ഗൾഫിൽ നിന്നും ശത്രുസേനയെ (യു.എസ് – ഇസ്രായേൽ സഖ്യത്തെ) പൂർണ്ണമായും തുരത്തി അറേബ്യൻ കടലിലേക്ക് പിന്തിരിപ്പിച്ചതായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല മുജ്‌തബ ഖാംനഈ പ്രഖ്യാപിച്ചു. ഹോർമുസ് കടലിടുക്കിന്റെ കാവൽക്കാരായ ഇറാന്റെ വിപ്ലവ ഗാർഡുകളിൽ നിന്ന് കനത്ത പ്രഹരമേറ്റതിനാലാണ് ശത്രുക്കൾ അറേബ്യൻ കടലിനപ്പുറത്തേക്ക് കടക്കാൻ മടിക്കുന്നതെന്നും, വൈകാതെ അറേബ്യൻ കടലിൽ നിന്നും അവരുടെ സാന്നിധ്യം പൂർണ്ണമായും തുടച്ചുനീക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാൻ-ഇറാഖ് യുദ്ധവാർഷികവും, 2024-ൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുല്ല തലവൻ ഹസൻ നസ്രുല്ലയുടെ ചരമവാർഷികവും പ്രമാണിച്ച് നൽകിയ സന്ദേശത്തിലാണ് ഖമേനി ഈ കടുത്ത മുന്നറിയിപ്പ് നൽകിയത്. മുൻകാലങ്ങളിലെപ്പോലെ ഇറാന് മേൽ ആധിപത്യം സ്ഥാപിക്കാമെന്ന ശത്രുക്കളുടെ മോഹം ഇനി നടപ്പിലാകില്ലെന്നും, രാജ്യത്തിന്റെ പരമാധികാരവും ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയും സംരക്ഷിക്കാൻ ഇറാന്റെ പൗരന്മാരും സൈന്യവും സന്നദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹോർമുസ് കടലിടുക്ക് വഴിയുള്ള സമുദ്രഗതാഗതം പുനഃസ്ഥാപിക്കാൻ നയതന്ത്ര ചർച്ചകൾ ഒരുവശത്ത് നടക്കുമ്പോഴും, അതിർത്തികളിൽ തങ്ങളുടെ സൈനിക കരുത്ത് വ്യക്തമാക്കുന്ന പ്രസ്താവനയുമായി ഇറാന്റെ പരമോന്നത നേതൃത്വം നേരിട്ട് രംഗത്തെത്തിയത് പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്.

Related Articles

- Advertisement -spot_img

Latest Articles