തിരുവനന്തപുരം: ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ ‘മയിൽപ്പീലി’ മാസിക സംസ്ഥാനത്തെ സ്കൂളുകളിൽ നടത്താനിരുന്ന സ്കോളർഷിപ്പ് പരീക്ഷയുടെ അനുമതി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ റദ്ദാക്കി. സംഘ്പരിവാർ സംഘടനയുടെ കീഴിലുള്ള മാസിക സംഘടിപ്പിക്കുന്ന ‘യങ് സ്കോളർ എക്സാമിന്’ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. വിഷയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെടുകയും, തുടർന്ന് പരീക്ഷയ്ക്കുള്ള അനുമതി പിൻവലിക്കാൻ കർശന നിർദേശം നൽകുകയുമായിരുന്നു.
മയിൽപ്പീലി മാസികയും ആർ.എസ്.എസ് അനുകൂല അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തും (എൻ.ടി.പി) സംയുക്തമായി സംഘടിപ്പിക്കുന്ന ‘യങ് സ്കോളർ എക്സാമിന്’ സംഘടനയുടെ ജനറൽ സെക്രട്ടറി ടി. അനൂപ് കുമാർ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പ് നേരത്തെ അനുമതി നൽകിയിരുന്നത്. ദേശീയ അധ്യാപക പരിഷത്തിന് സ്കൂളുകളിൽ ഇത്തരമൊരു പരീക്ഷ നടത്താൻ വകുപ്പിന്റെ അനുമതി ലഭിക്കുന്നത് ചരിത്രത്തിൽ തന്നെ ആദ്യമായാണ്. യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തുവാൻ നിശ്ചയിച്ചിരുന്ന ഈ പരീക്ഷയുടെ ബ്രാൻഡ് അംബാസഡർ നടൻ ഉണ്ണി മുകുന്ദനാണ്. വിവാദങ്ങൾ ഉയർന്നതിനെ തുടർന്നാണ് സർക്കാർ ഇടപെട്ട് അനുമതി റദ്ദാക്കിയത്.



