റിയാദ്: രാജ്യത്ത് പുതിയ ഉപഭോക്തൃ സംരക്ഷണ നിയമത്തിനും (Consumer Protection System) പൊതുഗതാഗത ആവശ്യങ്ങൾക്കായി ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കുന്നതിനും സൗദി മന്ത്രിസഭ അംഗീകാരം നൽകി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന നയങ്ങൾ കൈക്കൊണ്ടത്.
പൊതുഗതാഗത മേഖലയിൽ സർക്കാരും സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളും ഉപയോഗിക്കുന്ന ഇലക്ട്രിക് പാസഞ്ചർ വാഹനങ്ങൾക്കാണ് കസ്റ്റംസ് തീരുവയിൽ ഇളവ് അനുവദിച്ചിരിക്കുന്നത്. സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി (ZATCA) നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കും ഈ ആനുകൂല്യം ലഭ്യമാകുക.
കൂടാതെ, ഊർജ്ജ മേഖലയിലെ സഹകരണത്തിനായി ദക്ഷിണ കൊറിയയുമായും നയതന്ത്ര പാസ്പോർട്ട് ഉടമകൾക്ക് വിസ ഇളവ് നൽകുന്നതിനായി പോർച്ചുഗലുമായിമുള്ള കരാറുകൾക്കും മന്ത്രിസഭ അംഗീകാരം നൽകി. ജോർദാൻ, ബംഗ്ലാദേശ്, ബഹ്റൈൻ, തുർക്കി, ബ്രൂണെ എന്നീ രാജ്യങ്ങളുമായി വിവിധ മേഖലകളിലുള്ള ഉഭയകക്ഷി സഹകരണ നിർദ്ദേശങ്ങൾക്കും യോഗം അംഗീകാരം നൽകിയിട്ടുണ്ട്. ഇതിനുപുറമെ, ജിസാൻ റീജിയൻ ഡെപ്യൂട്ടി ഗവർണറായി ഡോ. നായിഫ് ബിൻ നാസർ ബിൻ ലബ്ദയെ നിയമിക്കുകയും ധനകാര്യ മന്ത്രാലയത്തിൽ സീനിയർ ബിസിനസ് അഡ്വൈസറായി അലി ബിൻ മുഹമ്മദ് അൽ ശഹ്റാനിയെ ഉയർത്തുകയും ചെയ്തു.



