സാക്ഷിമൊഴികളിലെ മാറ്റം ഗുരുതരം; സൊഹ്റാബുദ്ദീൻ കേസ് പുനഃപരിശോധിക്കാൻ സുപ്രീംകോടതി അമിത് ഷായുടെ കാര്യത്തിൽ മാറ്റമില്ല

ന്യൂഡൽഹി: സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിന്റെ വിചാരണവേളയിൽ ആകെ 210 സാക്ഷികളിൽ 92 പേർ കൂട്ടത്തോടെ മൊഴി മാറ്റിയത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് സുപ്രീംകോടതി. വിചാരണ നിഷ്പക്ഷവും നീതിയുക്തവുമാണോ നടന്നതെന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, കേസിൽ നിന്ന് പ്രതികളെ വെറുതെവിട്ട നടപടിക്കെതിരെ ഉന്നയിക്കപ്പെട്ട ഹരജിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഗുജറാത്ത്, രാജസ്ഥാൻ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പോലീസുകാർ ഉൾപ്പെടെ കേസിൽ കുറ്റാരോപിതരായ 22 പേരെ വെറുതെവിട്ട ബോംബെ ഹൈകോടതി വിധി ചോദ്യം ചെയ്ത് സൊഹ്റാബുദ്ദീന്റെ സഹോദരൻ നൽകിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ നടപടി. കേസിന്റെ മുഴുവൻ രേഖകളും വിളിച്ചുവരുത്താതെ തന്നെ, കേസിൽ നിർണ്ണായകമെന്ന് കരുതുന്ന ചില സാക്ഷികളുടെ മൊഴികൾ കോടതി നേരിട്ട് പരിശോധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കേസിന്റെ ആരംഭഘട്ടത്തിൽ വിചാരണക്കോടതി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്യുന്ന ഹരജികൾ ഇതിനോടകം തന്നെ ഹൈകോടതിയും സുപ്രീംകോടതിയും തള്ളിയതായതിനാൽ, അമിത് ഷായെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ വിഷയം വീണ്ടും പരിശോധിക്കില്ലെന്നും കോടതി സവിശേഷമായി കൂട്ടിച്ചേർത്തു.

2005-ൽ ഹൈദരാബാദിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് ബസിൽ യാത്ര ചെയ്യുമ്പോഴാണ് സൊഹ്റാബുദ്ദീൻ ശൈഖ്, ഭാര്യ കൗസർ ബി, സഹായി തുളസീറാം പ്രജാപതി എന്നിവരെ പോലീസ് സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് സൊഹ്റാബുദ്ദീനെയും ഭാര്യയെയും വ്യാജ ഏറ്റുമുട്ടലിൽ വധിക്കുകയും, കേസിന്റെ പ്രധാന സാക്ഷിയായ തുളസീറാം പ്രജാപതിയെ ഒരു വർഷത്തിനുശേഷം സമാന രീതിയിൽ ഏറ്റുമുട്ടലിൽ കൊല്ലുകയുമായിരുന്നു. 2018-ൽ കേസിലെ പ്രധാന സാക്ഷികളിൽ ഭൂരിഭാഗവും മൊഴി മാറ്റിപ്പറഞ്ഞതോടെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി പ്രത്യേക സി.ബി.ഐ കോടതി 22 പ്രതികളെയും വെറുതെവിടുകയായിരുന്നു.

Related Articles

- Advertisement -spot_img

Latest Articles