വഖഫ് ബോർഡ്: എം സി മായീന് ഹാജി ചെയർമാനായേക്കും, എല്ലാ മുസ്‌ലിം സംഘടനകൾക്കും പ്രാതിനിധ്യം ഉണ്ടാവും

മലപ്പുറം: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിട്ട് പുനഃസംഘടിപ്പിക്കാനുള്ള നടപടികൾ സജീവമാകവേ, പുതിയ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി. മായിൻ ഹാജിയെ പരിഗണിക്കുന്നു. ചെയർമാൻ പദവിയിലേക്ക് നിലവിൽ മറ്റ് പേരുകളൊന്നും ലീഗ് നേതൃത്വത്തിന്റെ സജീവ പരിഗണനയിലില്ല.

മുമ്പ് പലതവണ വഖഫ് ബോർഡ് അംഗമായി പ്രവർത്തിച്ച് ദീർഘകാല പരിചയസമ്പത്തുള്ള വ്യക്തി എന്ന നിലയിലാണ് മായിൻ ഹാജിയുടെ പേരിന് മുൻഗണന ലഭിച്ചത്. ബോർഡിലെ ഏക എം.എൽ.എ പ്രതിനിധിയായി കുറുക്കോളി മൊയ്തീനെ ഉൾപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. മുൻ യു.ഡി.എഫ് സർക്കാറിന്റെ അവസാനകാലത്ത് വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ പാണക്കാട് റഷീദലി ശിഹാബ് തങ്ങളെയായിരുന്നു ചെയർമാനായി ചുമതലപ്പെടുത്തിയത്.

മറ്റ് അംഗങ്ങളുടെ കാര്യത്തിൽ പ്രബല മുസ്‌ലിം സംഘടനകൾക്കെല്ലാം അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്ന വിധത്തിലാണ് ലീഗ് ധാരണയിലെത്തിയിട്ടുള്ളത്. മുൻ സർക്കാറുകൾ ചില സംഘടനകൾക്ക് പ്രത്യേക പരിഗണന നൽകുകയും മറ്റുള്ളവരെ പാടെ ഒഴിവാക്കുകയും ചെയ്ത രീതി തിരുത്താനാണ് സർക്കാരിൻറെ തീരുമാനം. ബോർഡിലെ ആകെ 11 ഒഴിവുകളിൽ 9 അംഗങ്ങളെയായിരിക്കും ആദ്യഘട്ടത്തിൽ നാമനിർദേശം ചെയ്യുക. കേന്ദ്ര വഖഫ് നിയമ ഭേദഗതി പ്രകാരം ബോർഡിൽ രണ്ട് അമുസ്‌ലിം അംഗങ്ങൾ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ നിലനിൽക്കുന്നതിനാൽ, ഈ വിഷയത്തിൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഹരജിയിലെ അന്തിമ വിധി വരുന്നത് വരെ പ്രസ്തുത ഒഴിവുകൾ നികത്താതെ മാറ്റിവെക്കും.

2026 ഫെബ്രുവരിയിൽ മുൻ സർക്കാർ നടത്തിയ പുനഃസംഘടനയിൽ മുത്തവല്ലിയല്ലാത്തയാളെ മുത്തവല്ലി പ്രതിനിധിയാക്കിയതും പണ്ഡിതന് പകരം അഭിഭാഷകനെ നാമനിർദേശം ചെയ്തതും അടക്കമുള്ള ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയുള്ള കേസിൽ, ബോർഡ് പുനഃസംഘടിപ്പിക്കാൻ സർക്കാറിന് അധികാരമുണ്ടെന്ന് ഹൈകോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കാലാവധി ബാക്കിയുള്ള ബോർഡ് പിരിച്ചുവിട്ട് പുതിയ ഭാരവാഹികളെ നിയോഗിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles