തിരുവനന്തപുരം: ദുബൈയിൽ നിന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ദമ്പതികളെ കാറിൽ തട്ടിക്കൊണ്ടുപോയി ഏഴര പവൻ സ്വർണം കവർന്നതായി പരാതി. സംഭവത്തിൽ മൂന്നംഗ സംഘത്തിനെതിരെ വലിയതുറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദമ്പതികളെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന ശേഷം ആലപ്പുഴ ചേർത്തലയിൽ ഇറക്കിവിട്ടെന്നാണ് വലിയതുറ പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്.
ദുബൈയിൽ വെച്ച് സുഹൃത്ത് വഴി പരിചയപ്പെട്ട വ്യക്തിയാണ് നാട്ടിലുള്ള മറ്റൊരാൾക്ക് നൽകാനായി ദമ്പതികളുടെ പക്കൽ ഏഴര പവൻ സ്വർണം കൊടുത്തുവിട്ടത്. സ്വർണം സുരക്ഷിതമായി എത്തിച്ചുനൽകിയാൽ വിമാന ടിക്കറ്റും ഒരു ലക്ഷം രൂപ പ്രതിഫലവും നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ വിമാനത്താവളത്തിൽ ഇറങ്ങിയ ദമ്പതികളെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി സ്വർണം കവരുകയായിരുന്നു. തുടർന്ന്, മറ്റൊരു സംഘം ദമ്പതികളുടെ വീട്ടിലെത്തി സ്വർണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. വലിയതുറ പോലീസ് കേസെടുത്ത് വിമാനത്താവള പരിസരത്തെയും റോഡിലെയും സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.



