സൗദിയിലെ ഇന്ത്യൻ എംബസിയിൽ പുതിയ ഉപസ്ഥാനപതിയായി ബഷീർ അഹമ്മദ് ചുമതലയേറ്റു

റിയാദ്: സൗദി അറേബ്യയിലെ റിയാദ് ഇന്ത്യൻ എംബസിയിൽ പുതിയ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായി (ഡി.സി.എം – ഉപസ്ഥാനപതി) മുതിർന്ന നയതന്ത്രജ്ഞൻ ബഷീർ അഹമ്മദ് ഐ.എഫ്.എസ് ചുമതലയേറ്റു. 2009 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് (ഐ.എഫ്.എസ്) ഉദ്യോഗസ്ഥനായ അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തിലും വിവിധ വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര ദൗത്യങ്ങളിലും സുപ്രധാന പദവികൾ അലങ്കരിച്ച ശേഷമാണ് റിയാദിൽ നിയമിതനാകുന്നത്.

ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കവെ ഇന്ത്യയുടെ ബഹുരാഷ്ട്ര സാമ്പത്തിക നയതന്ത്രങ്ങളുമായി ബന്ധപ്പെട്ട നിർണ്ണായക വിഷയങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. ബ്രിക്സ് (BRICS) അടക്കമുള്ള ആഗോള കൂട്ടായ്മകളിലെ ഇന്ത്യയുടെ പങ്കാളിത്തത്തിലും അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമായിരുന്നു. 2021 മുതൽ 2024 വരെ ഇന്തോനേഷ്യയിലെ ജക്കാർത്ത ഇന്ത്യൻ എംബസിയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായി പ്രവർത്തിച്ച അദ്ദേഹം സ്വിറ്റ്‌സർലൻഡിലെ ഇന്ത്യൻ മിഷനിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യ-ഇന്തോനേഷ്യ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിലും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധം, സുരക്ഷ, സാമ്പത്തികം, ആരോഗ്യം എന്നീ മേഖലകളിലെ സഹകരണം ഏകോപിപ്പിക്കുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. കൂടാതെ വിദേശകാര്യ മന്ത്രാലയത്തിലെ യു.എൻ പൊളിറ്റിക്കൽ ഡിവിഷനിലും പ്രവർത്തിച്ചിട്ടുണ്ട്.

വിവിധ നയതന്ത്ര ദൗത്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും ദീർഘകാല അനുഭവസമ്പത്തുമായാണ് ബഷീർ അഹമ്മദ് റിയാദിലെത്തുന്നത്. ഇന്ത്യ-സൗദി അറേബ്യ തന്ത്രപ്രധാന ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും സൗദിയിലുള്ള ദശലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമവും സേവനങ്ങളും ഉറപ്പുവരുത്തുന്നതിനും അദ്ദേഹത്തിന്റെ വരവ് വലിയ കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles