തിരുവനന്തപുരം: ബി.ജെ.പി – യുവമോർച്ച കരിങ്കൊടി പ്രതിഷേധങ്ങൾക്ക് പിന്നാലെ തലസ്ഥാന ജില്ലയിൽ കോൺഗ്രസ് പാർട്ടി ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണം. തിരുവനന്തപുരം ഡി.സി.സി ഓഫീസിന് നേരെ കല്ലേറുണ്ടാകുകയും വെള്ളറടയിലെ നെയ്യാറ്റിൻകര ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിടുകയും ചെയ്തു. മണ്ഡലം ഓഫീസ് തീയിട്ട സംഭവത്തിൽ പ്രതിയായ ബി.ജെ.പി പ്രവർത്തകൻ ആനാവൂർ പാലിയോട് മേമല കളിയിൽവിള വീട്ടിൽ സുരേഷിനെ (40) തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മാരായമുട്ടം പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് ഡി.സി.സി ഓഫീസിന് നേരെ അക്രമികൾ കല്ലെറിഞ്ഞത്. ആക്രമണത്തിൽ ഓഫീസിന്റെ പ്രധാന കവാടത്തിലെയും മുൻവശത്തെ ഗ്ലാസ് കബോർഡിലെയും ചില്ലുകൾ തകർന്നു. രണ്ടുപേർ സ്കൂട്ടറിലെത്തി കല്ലെറിയുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതായി മ്യൂസിയം പോലീസ് അറിയിച്ചു. അതേസമയം, പാലിയോട് ജങ്ഷനിലെ ആനാവൂർ മണ്ഡലം ഓഫീസിന് ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് തീയിട്ടത്. ഓഫീസിനുള്ളിലെ ഫർണിച്ചറുകൾക്കും നേതാക്കളുടെ ഫ്ലക്സ് ബോർഡുകൾക്കും തീപിടിച്ചെങ്കിലും സമീപവാസികൾ ഉടൻ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതിൽ പ്രകോപിതരായാണ് യുവമോർച്ചയും ബി.ജെ.പിയും അക്രമം അഴിച്ചുവിട്ടതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സംഭവം അറിഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ്, മന്ത്രി എം. ലിജു തുടങ്ങിയവർ ഡി.സി.സി ഓഫീസ് സന്ദർശിച്ചു. ആക്രമണങ്ങൾക്ക് പിന്നിൽ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരാണെന്ന് ആരോപിച്ച കെ.പി.സി.സി പ്രസിഡന്റ് ജില്ലയിൽ പ്രതിഷേധ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചു. ക്രമസമാധാനം തകർക്കാൻ ബോധപൂർവ്വം ശ്രമിക്കുന്ന ക്രിമിനലുകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നറിയിപ്പ് നൽകി.



