സി.എച്ച് മുഹമ്മദ് കോയ കേരളത്തിലെ സാമൂഹിക പരിവർത്തനത്തിന് നേതൃത്വം നൽകിയ അപൂർവ്വ നേതാവ്: റിയാദ് കെ.എം.സി.സി

റിയാദ്: കേരളത്തിൽ സാമൂഹിക പരിവർത്തനത്തിന് ധീരമായി നേതൃത്വം നൽകുകയും അതിനായി നിരന്തരം പോരാടുകയും ചെയ്ത മഹാനായ നേതാവായിരുന്നു സി.എച്ച് മുഹമ്മദ്‌ കോയയെന്ന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി. റിയാദ് ബത്ഹ കെ.എം.സി.സി ഓഫീസിൽ ‘പ്രതിഭാധനനായ സി.എച്ച്’ എന്ന പേരിൽ സംഘടിപ്പിച്ച സി.എച്ച് സ്മരണാ സംഗമത്തിലാണ് നേതാക്കൾ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെച്ചത്. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാധാരണക്കാരനായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് സാധാരണക്കാരനായി തന്നെ പൊതുജീവിതം അവസാനിപ്പിച്ച അപൂർവ്വ വ്യക്തിത്വമായിരുന്നു സി.എച്ചെന്ന് സി.പി മുസ്തഫ അനുസ്മരിച്ചു.

ഗ്രയ്‌സ് എജ്യൂക്കേഷണൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സയ്യിദ് അഷ്‌റഫ്‌ തങ്ങൾ ചെട്ടിപ്പടി സ്മരണാ സംഗമം ഉദ്ഘാടനം ചെയ്തു. മുസ്ലിം സമുദായത്തിന്റെ ആന്തരിക കെട്ടുറപ്പിന് കരുത്തുപകരാൻ മുന്നിൽ നിന്ന് നയിച്ച നേതാവായിരുന്നു സി.എച്ചെന്ന് അഷ്‌റഫ്‌ തങ്ങൾ പറഞ്ഞു. സമുദായത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാൻ അദ്ദേഹം കാണിച്ച രാഷ്ട്രീയ വൈഭവം അനുകരണീയമാണ്. രാജ്യത്തിന്റെ മതേതരത്വത്തിന് കോട്ടം തട്ടാതെ മുസ്ലിം സമുദായത്തിന്റെ മുന്നേറ്റത്തിന് സി.എച്ച് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശ്വാസികളോട് മതപണ്ഡിതന്മാർ മതച്ചട്ടങ്ങൾ പറയുമ്പോഴും, സ്വന്തം സമുദായത്തിലെ പെൺകുട്ടികളുമായി ബന്ധപ്പെട്ട് ഗുണകാംക്ഷാപരമായ പരാമർശങ്ങൾ നടത്തുമ്പോഴും ലിബറൽ സമൂഹത്തോടൊപ്പം ചേർന്ന് അവരെ ആക്രമിക്കാൻ ശ്രമിക്കുന്ന രീതി ശരിയല്ലെന്നും തങ്ങൾ അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ പൊതുവായ വിദ്യാഭ്യാസ മുന്നേറ്റത്തിന് സി.എച്ച് നടത്തിയ പരിശ്രമങ്ങൾ ചരിത്രമാണെന്ന് സെൻട്രൽ കമ്മിറ്റി ചെയർമാൻ യു.പി മുസ്തഫ പറഞ്ഞു. കോഴിക്കോട് സർവ്വകലാശാല ഉൾപ്പെടെയുള്ള പ്രമുഖ വിദ്യാഭ്യാസ സമുച്ചയങ്ങൾ യാഥാർത്ഥ്യമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കു വലുതാണ്. ദീർഘവീക്ഷണവും ഉൾക്കാഴ്ചയും ഇച്ഛാശക്തിയുമുള്ള ഭരണാധികാരിയായിരിക്കുമ്പോൾ തന്നെ മികച്ചൊരു സർഗ്ഗപ്രതിഭയായി മാറാനും സി.എച്ചിന് സാധിച്ചതായി മുഖ്യപ്രഭാഷണം നടത്തിയ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത് ഓർമ്മിപ്പിച്ചു.

ചടങ്ങിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ട്രഷറർ അഷ്‌റഫ്‌ വെള്ളേപ്പാടം, ഭാരവാഹികളായ നജീബ് നല്ലാംങ്കണ്ടി, നാസർ മാങ്കാവ്, ജലീൽ തിരൂർ, സിറാജ് മേടപ്പിൽ എന്നിവർ സംസാരിച്ചു. ആക്റ്റിംഗ് ജനറൽ സെക്രട്ടറി ഷാഫി തുവ്വൂർ സ്വാഗതവും റഫീഖ് മഞ്ചേരി നന്ദിയും രേഖപ്പെടുത്തി. സിദ്ധീഖ് വാഫി പട്ടാമ്പി ഖിറാഅത്ത് നടത്തി.

Related Articles

- Advertisement -spot_img

Latest Articles