ഭൂമി കയ്യേറ്റ ആരോപണം: എ.കെ.ജി സെന്റർ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ ഉത്തരവ്; നടപടികൾ നാളെ ആരംഭിക്കും

തിരുവനന്തപുരം: തലസ്ഥാനത്തെ എ.കെ.ജി പഠന ഗവേഷണ കേന്ദ്രവും പഴയ സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസും സ്ഥിതിചെയ്യുന്ന ഭൂമി സർവേ നടത്തി അളന്ന് തിട്ടപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ഭൂമി കയ്യേറ്റ ആരോപണത്തിൽ ആർ. ശശികുമാർ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിർദ്ദേശം. വിധി നടപ്പാക്കുന്നതിനായി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സർവേ നടപടികൾ ആരംഭിക്കാൻ റവന്യൂ വകുപ്പിന് നിർദ്ദേശം നൽകി.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം തഹസിൽദാർ അടിയന്തര നടപടികൾ സ്വീകരിച്ചു തുടങ്ങി. നാളെ നടക്കുന്ന സർവേ നടപടികളിൽ എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ പ്രതിനിധികൾ നിർബന്ധമായും പങ്കെടുക്കണമെന്ന് കാണിച്ച് തഹസിൽദാർ ഔദ്യോഗികമായി നോട്ടീസ് നൽകിയിട്ടുണ്ട്.

1977-ൽ എ.കെ ആന്റണി സർക്കാറിന്റെ കാലത്താണ് എ.കെ.ജി സ്മാരക പഠന ഗവേഷണ കേന്ദ്രത്തിനായി കേരള സർവകലാശാലാ ആസ്ഥാനത്ത് നിന്നും 15 സെന്റ് ഭൂമി പതിച്ചുനൽകിയത്. എന്നാൽ, അനുവദിച്ച പരിധി ലംഘിച്ച് 50 സെന്റിലധികം ഭൂമി എ.കെ.ജി സെന്റർ അനധികൃതമായി കയ്യേറിയെന്നാണ് ഹരജിക്കാരന്റെ പ്രധാന ആരോപണം. സർവേ പൂർത്തിയാകുന്നതോടെ ഭൂമി കയ്യേറ്റ വിഷയത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് കരുതുന്നത്.

Related Articles

- Advertisement -spot_img

Latest Articles