ഫോർക്ക 20-ാം വാർഷിക ആഘോഷം: ഒക്ടോബർ 9-ന് മെഗാ മേള; ഇന്ത്യൻ സ്ഥാനപതി മുഖ്യാതിഥിയാകും

റിയാദ്: റിയാദിൽ പ്രവർത്തിക്കുന്ന 38 മലയാളി പ്രാദേശിക കൂട്ടായ്മകളുടെ പൊതുവേദിയായ ഫെഡറേഷൻ ഓഫ് റീജിയണൽ കേരളയീറ്റ് അസോസിയേഷൻ (ഫോർക്ക) യുടെ ഇരുപതാം വാർഷികാഘോഷം ‘ഫോർക്ക മെഗാമേള ട്വന്റി 26’ ഉം ഫുഡ് ഫെസ്റ്റും ഒക്ടോബർ ഒൻപത് വെള്ളിയാഴ്ച റിയാദിലെ ഷോലാ മാളിൽ നടക്കും. ഹൈപ്പർ അൽ വഫയുടെ സഹകരണത്തോടെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി 11:00 മണി വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. സാംസ്കാരിക സമ്മേളനത്തിൽ സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ശ്രീ. വിപുൽ മുഖ്യാതിഥിയായി പങ്കെടുക്കും.

“നാനാത്വത്തിൽ ഏകത്വം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് സംഘടിപ്പിക്കുന്ന ഫുഡ് ഫെസ്റ്റിൽ കേരളത്തിന്റെയും ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളുടെയും തനത് വിഭവങ്ങളുമായി അമ്പതോളം ടീമുകൾ മത്സരിക്കും. പ്രമുഖ ഷെഫ് ഷിയാസ് അൽ സാജിന്റെ നേതൃത്വത്തിലുള്ള വിധികർത്താക്കളാണ് രുചി, വൈവിധ്യം, അവതരണം, അലങ്കാരം എന്നിവ മാനദണ്ഡമാക്കി വിജയികളെ തെരഞ്ഞെടുക്കുന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം ഒരു പവൻ, അര പവൻ, കാൽ പവൻ സ്വർണ്ണസമ്മാനങ്ങളും പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകും. ഉച്ചയ്ക്ക് രണ്ട് മണി മുതൽ രജിസ്ട്രേഷൻ റിപ്പോർട്ടിംഗും, മൂന്ന് മണിക്ക് കുട്ടികൾക്കായുള്ള കളറിംഗ്, പെൻസിൽ ഡ്രോയിംഗ് മത്സരങ്ങളും ഫുഡ് ഫെസ്റ്റും ആരംഭിക്കും.

വൈകുന്നേരം നാല് മണിക്ക് പ്രാദേശിക കലാകാരന്മാരുടെ പരിപാടികളും, അഞ്ച് മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഫോർക്കയുടെ 38 അംഗസംഘടനകളിൽ നിന്നും ഏറ്റവും കൂടുതൽ കാലം പ്രവാസം നയിച്ച 38 മുതിർന്ന പ്രവാസികളെ ആദരിക്കുകയും ചെയ്യും. കൂടാതെ കഴിഞ്ഞ മൂന്ന് വർഷത്തെ മികച്ച പ്രവർത്തന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത മൂന്ന് അംഗസംഘടനകൾക്കും മുൻകാല നേതാക്കൾക്കും പ്രത്യേക ആദരവ് നൽകും. തുടർന്ന് സലീം കോടത്തൂർ, ഷെയ്ക്ക അബ്ദുള്ള, സജീർ പട്ടുറുമാൽ എന്നിവർ നയിക്കുന്ന ഗാനമേളയും സാംസ്കാരിക വിരുന്നുകളും അരങ്ങേറും.

വാർത്താസമ്മേളനത്തിൽ ഫോർക ചെയർമാൻ റഹ്മാൻ മുനമ്പത്ത്, ജനറൽ കൺവീനർ ഉമ്മർ മുക്കം, രക്ഷാധികാരികളായ ഷിഹാബ് കൊട്ടുകാട്, സെയ്ഫ് കായംകുളം, പ്രോഗ്രാം കൺവീനർ കരീം കാനാമ്പുറം, ഫോര്‍ക്ക ഉപദേശകസമിതി അംഗവും ഹൈപ്പർ അൽ വഫ ഡയറക്ടർ നാസർ കല്ലയില്‍, മാർക്കറ്റിങ് മാനേജർ ഫഹദ്, ഫോർക വൈസ് ചെയർമാൻ ജയൻ കൊടുങ്ങല്ലൂർ, ഫുഡ് ഫെസ്റ്റ് കൺവീനർ അലക്സ് കൊട്ടാരക്കര, ആക്ടിങ് കൺവീനർ വിനോദ് കൃഷ്ണ, ജോയിൻ്റ് കൺവീനർ അഖിനാസ് കരുനാഗപ്പള്ളി, ജോയിൻ്റ് ട്രഷറർ മുഹമ്മദ് ഖാൻ റാന്നി എന്നിവർ പങ്കെടുത്തു..

Related Articles

- Advertisement -spot_img

Latest Articles