തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജോലിസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ: മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

തൃശൂർ: പുന്നയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌‌പെക്ടറെ ഉപകേന്ദ്രത്തോട് ചേർന്നുള്ള ക്വാട്ടേഴ്സ് റിസപ്ഷൻ റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തിരുവാങ്കുളം ഇരുമ്പനം എയർപോർട്ട് റോഡ് ചക്കപ്പറമ്പിൽ സന്തോഷിന്റെ മകൾ സാന്ദ്ര സന്തോഷ് (29) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11:45-ഓടെയാണ് സംഭവം പുറത്തറിയുന്നത്.

ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വടക്കേക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ തിങ്കളാഴ്ച നടന്ന അവലോകന മീറ്റിങ്ങിൽ സാന്ദ്ര എത്തിയിരുന്നില്ല. തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. സംശയം തോന്നിയ സഹപ്രവർത്തകർ ആരോഗ്യ കേന്ദ്രത്തിന് സമീപത്തെ അംഗൻവാടി അധ്യാപികയെ വിവരം അറിയിച്ച് അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

അധ്യാപിക താമസസ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് തൊട്ടടുത്ത സബ് സെന്ററിനോട് ചേർന്നുള്ള റിസപ്ഷൻ റൂമിൽ സാന്ദ്രയെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. മൃതദേഹത്തിന് സമീപത്തുനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മരണത്തിൽ മറ്റാർക്കും ഉത്തരവാദിത്തമില്ലെന്നാണ് പ്രാഥമിക വിവരങ്ങൾ.

സഹപ്രവർത്തകയായ ദേവി കൃഷ്ണയുമായാണ് സാന്ദ്ര ആരോഗ്യ കേന്ദ്രത്തിന് സമീപത്തെ ക്വാട്ടേഴ്സിൽ താമസിച്ചിരുന്നത്. ദേവീകൃഷ്ണ സ്വന്തം വീട്ടിലേക്ക് പോയതിനാൽ സംഭവദിവസം സാന്ദ്ര മാത്രമാണ് മുറിയിലുണ്ടായിരുന്നത്. അടുത്ത മാസങ്ങളിൽ സാന്ദ്രയുടെ രജിസ്റ്റർ വിവാഹം നടക്കാനിരിക്കെയാണ് ദാരുണ സംഭവം. പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾക്കായി മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: സിനി.

Related Articles

- Advertisement -spot_img

Latest Articles