മലപ്പുറം: വളാഞ്ചേരിയിലെ ലോഡ്ജ് മുറിയിൽ നിന്ന് മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി (MDMA) യുവതിയും യുവാവും പൊലീസിന്റെ പിടിയിലായി. അങ്ങാടിപ്പുറം പുത്തനങ്ങാടി കരിമ്പനക്കൽ മുഹമ്മദ് നബീൽ (25), കണ്ണൂർ അഴീക്കോട് കുറ്റിച്ചി വീട്ടിൽ ആരതി (22) എന്നിവരെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ ഡിവൈ.എസ്.പിയുടെ കീഴിലുള്ള ഡാൻസാഫ് (DANSAF) സ്ക്വാഡും വളാഞ്ചേരി പൊലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്ന് 1.5 ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു.
അറസ്റ്റിലായ മുഹമ്മദ് നബീൽ മുൻപും സമാന രീതിയിലുള്ള ലഹരി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്ന് പൊലീസ് വ്യക്തമാക്കി. ബെംഗളൂരു ജനഭരതി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് (NDPS) കേസിൽ ഇയാൾ പ്രതിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. വളാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്ത്, തിരൂർ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്, വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ എ.കെ. ഫിറോസ്, വി.എസ്. സുധീർ, എം.ജി. ശശികുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കസ്റ്റഡിയിലുള്ള പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കും.



