പാരീസ്: ഫ്രാൻസിൽ സർക്കാറിന്റെ നയങ്ങൾക്കെതിരെ ഉയർന്നുവന്ന ജനകീയ പ്രക്ഷോഭം അതിശക്തമാകുന്നു. തലസ്ഥാനമായ പാരീസിലും വിവിധ പ്രവിശ്യകളിലും പ്രതിഷേധക്കാർ തെരുവിലിറങ്ങിയതോടെ രാജ്യം കടുത്ത പ്രതിസന്ധിയിലാണ്. അക്രമസംഭവങ്ങൾക്കിടെ പ്രതിഷേധക്കാർ സിറ്റി ഹാൾ കെട്ടിടത്തിന് തീയിട്ടു. പ്രമുഖ ഷോപ്പിംഗ് മാളുകളും കടകളും കൊള്ളയടിക്കുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്യുന്ന സാഹചര്യം തുടരുകയാണ്. രാജ്യത്തുടനീളം നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 1200-ലധികം ആളുകളെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ അഞ്ചര ലക്ഷത്തോളം വരുന്ന പ്രക്ഷോഭകാരികളാണ് രാജ്യത്തെ പ്രധാന തെരുവുകളുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്.
വിദ്യാലയങ്ങളിലെ മോശം സാഹചര്യങ്ങൾക്കെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ആരംഭിച്ച സമാധാനപരമായ റാലിയാണ് പിന്നീട് രാജ്യത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കും സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കുമെതിരെയുള്ള വലിയൊരു ജനകീയ പ്രക്ഷോഭമായി രൂപപ്പെട്ടത്. പ്രക്ഷോഭകാരികൾ തെരുവുകളിൽ നിരവധി വാഹനങ്ങൾ കത്തിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. ബോർഡോയിൽ പ്രവർത്തിക്കുന്ന ആഡംബര ബ്രാൻഡായ ലൂയിസ് വിട്ടൺ സ്റ്റോറും (Louis Vuitton), ലില്ലെയിലെ ആപ്പിൾ സ്റ്റോറും (Apple Store) പ്രതിഷേധക്കാർ കൊള്ളയടിച്ചു. കൂടാതെ നിരവധി ഭക്ഷണശാലകളും വസ്ത്രവ്യാപാര കേന്ദ്രങ്ങളും തകർക്കപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.



