നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്: അന്വേഷണം വേഗത്തിലാക്കാൻ പോലീസ്; മാതാവിന്റെ മൊഴിയെടുക്കും

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിലെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ പോലീസ് നടപടികൾ ഊർജ്ജിതമാക്കി. അപകടസമയത്ത് കാറിന്റെ അമിത വേഗതയാണ് ദുരന്തത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. അപകടസമയത്തെ വാഹനത്തിന്റെ വേഗത ഉൾപ്പെടെയുള്ള കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിനായി കാറിന്റെ ഇ.ഡി.ആർ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് നിലവിൽ അന്വേഷണസംഘം.

അപകട സമയത്ത് മിനി കൂപ്പർ മണിക്കൂറിൽ 160 കിലോമീറ്ററിലധികം വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഈ വിവരങ്ങൾക്ക് ശാസ്ത്രീയ തെളിവായി ഇ.ഡി.ആർ ഫലം അന്വേഷണത്തിന് നിർണ്ണായകമാണ്. കേസിലെ മുഖ്യപ്രതി സുഹൈൽ സജീവിന്റെ മാതാവിന്റെ മൊഴി പോലീസ് ഉടൻ രേഖപ്പെടുത്തും. വാഹനാപകടത്തിൽപ്പെട്ട കാറിന്റെ ആർ.സി ബുക്ക് ഉടമ ഇവരാണ്. കഴിഞ്ഞദിവസം നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഇവർ ഹാജരായിരുന്നില്ല.

അതിനിടെ, അപകടത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരുടെ കുടുംബങ്ങൾക്കും അനുശോചനം അറിയിച്ചുകൊണ്ട് സുഹൈലിന്റെ മാതാവ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നു. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദന താൻ മനസ്സിലാക്കുന്നുവെന്നും വാക്കുകൾ കൊണ്ട് ആ കുടുംബങ്ങളുടെ നഷ്ടം നികത്താനാവില്ലെന്ന് അറിയാമെങ്കിലും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അവർ വീഡിയോയിൽ പറഞ്ഞു.

രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേരാണ് നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ കൊല്ലപ്പെട്ടത്. ഇയ്യാസ്, ദേവിക, ഗോപിക എന്നിവരാണ് മരിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ചായക്കടയിൽ നിന്ന് ചായ കുടിച്ച ശേഷം അത്താണി ഭാഗത്തേക്ക് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന മൂവർക്കും നേരെ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ പിന്നിൽ നിന്ന് ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ശക്തമായ ആഘാതത്തിൽ മൂവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. അപകടം വരുത്തിയ സുഹൈലിനെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അപകടസമയത്ത് സുഹൈൽ മദ്യപിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles