ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരായ ബി.ജെ.പിയുടെ നിരന്തര വിമർശനങ്ങൾക്കും ആക്രമണങ്ങൾക്കുമെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. നെഹ്റു വിടപറഞ്ഞ് 60 വർഷത്തിലേറെയായിട്ടും ഭരണഘടനയും ജനാധിപത്യവും തകർക്കാൻ ശ്രമിക്കുന്നവർ അദ്ദേഹത്തെ തുടർച്ചയായി ആക്രമിക്കുന്നത് ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണെന്ന് പ്രിയങ്ക വ്യക്തമാക്കി. നെഹ്റുവിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് സമൂഹമാധ്യമമായ ‘എക്സി’ൽ പങ്കുവെച്ച കുറിപ്പിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
വിപ്ലവകാരിയും ദീർഘവീക്ഷണമുള്ള നേതാവും രാഷ്ട്രനിർമ്മാതാവുമായിരുന്നു നെഹ്റുവെന്ന് പ്രിയങ്ക വിശേഷിപ്പിച്ചു. രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹം എക്കാലവും ഇന്ത്യക്ക് വഴികാട്ടിയാകട്ടെയെന്നും അവർ കുറിച്ചു. ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെഹ്റുവിന് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അദ്ദേഹത്തെ ആധുനിക ഇന്ത്യയുടെ പ്രധാന ശില്പിയെന്നും, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ‘ഇന്ത്യയുടെ രത്നം’ എന്നും വിശേഷിപ്പിച്ചു.
അതേസമയം, പാർലമെന്റിലെ സംവിധാൻ സദനിൽ നടന്ന പുഷ്പാർച്ചനാ ചടങ്ങിൽ കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങൾ ആരും പങ്കെടുക്കാത്തതിനെതിരെയും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ലോക്സഭാ സ്പീക്കർ ഓം ബിർള, മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തെങ്കിലും പ്രധാനമന്ത്രിയുടെ മന്ത്രിസഭയിൽ നിന്നുള്ള ആരും എത്താതിരുന്നത് മാന്യതയല്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രിയൻ ചൂണ്ടിക്കാണിച്ചു. വൈവിധ്യമാണ് ഇന്ത്യയുടെ ശക്തിയെന്നും, ജനാധിപത്യവും സമത്വവുമാണ് രാജ്യത്തിന്റെ അടിത്തറയെന്നും നെഹ്റു വിശ്വസിച്ചിരുന്നതായി കോൺഗ്രസ് നേതാക്കൾ അനുസ്മരിച്ചു.



